എടത്വ: അറവുമാലിന്യങ്ങളും ശുചിമുറി മാലിന്യങ്ങളും തള്ളിയതോടെ തകഴി പഞ്ചായത്ത് ഏഴാംവാർഡ് നിവാസികൾക്ക് ദുരിതം. കേളമംഗലം പടിഞ്ഞാറ് തകഴി പാലം മുതൽ കിഴക്കോട്ട് പറത്തറപാലം വരെയുള്ള റോഡിന്റെ ഇരുവശത്തും അറവുശാലകളിലെ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ചാക്കുകണക്കിനാണ് നിക്ഷേപിച്ചിരിക്കുന്നത്.
ദുർഗന്ധം മൂലം ഇതുവഴി സഞ്ചരിക്കാൻ പോലുമാകുന്നില്ല. പുതുവർഷദിനത്തിൽ പുലർച്ചെ മൂന്നോടെ വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം ഇടുകയായിരുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം. പ്രദേശവാസികളെ കണ്ടതോടെ വാഹനവുമായി എത്തിയവർ രക്ഷപ്പെട്ടു.കേളമംഗലം ഒന്നാംപാലത്തിലും അവിടെയുള്ള തോട്ടിലുമായി ചീഞ്ഞ കോഴിവേസ്റ്റും മാടിനെ അറുത്ത വേസ്റ്റും ചാക്കുകെട്ടുകളിലാക്കിയാണ് നിക്ഷേപിച്ചിരിക്കുന്നത്.
കൂടാതെ റോഡിന്റെ ഇരുസൈഡുകളിലും കക്കൂസ് മാലിന്യങ്ങൾ ടാങ്കർലോറികളിൽ കൊണ്ടുവന്ന് പാടശേഖരങ്ങളിലേയ്ക്കു നിക്ഷേപിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രിയിലും തകഴി പാലത്തിനു കിഴക്കേകരയിൽ അറവുമാലിന്യം ഉൾപ്പടെ ചാക്കുകളിലാക്കി തള്ളിയിരുന്നു.
ആലപ്പുഴഎടത്വ സംസ്ഥാനപാതയിൽ തകഴി പാലത്തിനു കിഴക്കേ കരയിലും പന്പാനദിയിലുമാണ് മാലിന്യം നിക്ഷേപിച്ചത്. അറവുമൃഗങ്ങളുടെ അവശിഷ്ടവും, കോഴി വേസ്റ്റും, ഹോട്ടൽ മാലിന്യങ്ങളും ചാക്കിൽ നിറച്ചും അല്ലാതെയുമാണ് തള്ളിയിരിക്കുന്നത്. ആഴ്ചകൾക്ക് മുന്പു തകഴി പാലത്തിൽനിന്ന് ഒന്നര കിലോമീറ്റർ കിഴക്കുമാറി ചെക്കിടിക്കാട് പറത്തറ പാലത്തിലും തോട്ടിലുമായി മാലിന്യം തള്ളിയിരുന്നു.
നാട്ടുകാരുടെ അന്വേഷണത്തിൽ മാലിന്യ ചാക്കിൽനിന്ന് കാർത്തികപ്പള്ളിയിലെ ഒരു സ്വകാര്യ ഹോട്ടലിന്റെ ബില്ല് ലഭിക്കുകയും, മാലിന്യം തള്ളിയ കരാറുകാരനെ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ തകഴി പഞ്ചായത്ത് കടുത്ത നടപടി സ്വീകരിക്കാതെ ഇയാൾക്ക് താക്കീത് നൽകി പറഞ്ഞുവിടുകയായിരുന്നു. ഇതിനെതിരേ വ്യാപക പരാതി നിലനിൽക്കുന്പോഴാണ് വീണ്ടും അറവുമാലിന്യങ്ങൾ തള്ളിയത്.