സ്വന്തം ലേഖകൻമാർ
തൃശൂർ: ശബരിമലയിൽ യുവതികൾ പ്രവേശിച്ച് ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തൃശൂർ നഗരത്തിൽ സ്വരാജ് റൗണ്ടിൽ നടന്ന പ്രതിഷേധപ്രകടനത്തിനിടെ പോലീസുമായി പ്രതിഷേധക്കാർ ഉന്തും തള്ളുമുണ്ടായി.
നായ്ക്കനാലിൽ നിന്നാരംഭിച്ച പ്രതിഷേധപ്രകടനം സ്വരാജ് റൗണ്ട് ചുറ്റി വരുന്നതിനിടെ റൗണ്ടിലെ പലഭാഗത്തുമുണ്ടായിരുന്ന ബാരിക്കേഡുകൾ തള്ളിയിട്ടു. പാറമേക്കാവ് ജംഗ്ഷനിൽ റോഡിലെ ബാരിക്കേഡുകൾ പ്രതിഷേധക്കാർ തകർക്കാനും തള്ളിയിടാനും ശ്രമിക്കുന്നത് ഷൂട്ട് ചെയ്യാൻ ശ്രമിച്ച പോലീസ് വീഡിയോഗ്രാഫർക്കു നേരെ പ്രതിഷേധപ്രകടനക്കാർ കയ്യേറ്റത്തിന് മുതിർന്നു.
പോലീസിനെ ആക്രമിക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ പോലീസുമായി ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രകടനം തെക്കേഗോപുരനടയ്ക്കു സമീപമെത്തി സ്വരാജ് റൗണ്ടിൽ കുത്തിയിരുന്ന് ഉപരോധം നടത്തി. പോലീസിവരെ നീക്കം ചെയ്തു. ഇരിങ്ങാലക്കുടയിലും വടക്കാഞ്ചേരിയിലും, മാളയിലും, ഗുരുവായൂരും കടകൾ അടപ്പിച്ചു.
കൊടുങ്ങല്ലൂരിൽ ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾ അടപ്പിച്ചു. പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. ഗതാഗതം തടസപ്പെടുത്തിക്കൊണ്ടിരിക്കയാണ്. നഗരം ചെറിയ തോതിൽ സംഘർഷാവസ്ഥയിലാണ്.
ഗുരുവായൂരിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ മന്ത്രി കടകംപിള്ളി സുരേന്ദ്രനെതിരെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചു. മന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാനും തടയാനും രണ്ടിടത്ത് ശ്രമം നടന്നു. പ്രവർത്തരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. യുവമോർച്ച ജില്ല പ്രസിഡന്റ് പി.ഗോപിനാഥനെ അറസ്റ്റു ചെയ്തു.
വടക്കാഞ്ചേരിയിൽ ബിജെപി നടത്തിയ പ്രതിഷേധപ്രകടനം അക്രമാസക്തമായി. കടകൾ അടപ്പിച്ചു. അടയ്ക്കാൻ വിസമ്മതിച്ച കടകൾക്കു നേരെ അക്രമമുണ്ടായി. ബസുകളും തടഞ്ഞു. ബസുകൾക്ക് നേരെയും ആക്രമണം നടന്നു.