വണ്ടിത്താവളം: പന്തൽമൂച്ചിയിൽ മണൽചാക്കു നിരത്തി കനാൽബണ്ട് നിർമിച്ച സ്ഥലത്ത് വീണ്ടും ചോർച്ചയുണ്ടായിരിക്കുന്നത് കനാലിനുതാഴ്ഭാഗങ്ങളിലുള്ള താമസക്കാരേയും സമീപത്തെ മദ്രസയിലെ വിദ്യാർഥികളേയും ഭീതിയിലാക്കുന്നു. മണൽചാക്കിനിടയിലൂടെ അനുദിനം ചോർച്ച വികസിച്ചുവരികയാണ്. മണൽചാക്കു നിരത്തിയ കനാൽബണ്ട് വഴി ഒന്നരസ്ലാബ് വെള്ളമേ ഒഴുക്കുകയുള്ളൂ എന്ന് ജലസേചനവകുപ്പ് ജീവനക്കാർ സമീപവാസികൾക്ക് ഉറപ്പു നൽകിയിരുന്നു.
എന്നാൽ കഴിഞ്ഞ രണ്ടുദിവസമായി കനാലിൽ ജലനിരപ്പ് രണ്ടരസ്ലാബ് ആക്കി ഉയർത്തിയതോടെ ജലചോർച്ചയും വർധിച്ചിരിക്കുകയാണ്. കനാലിന്റെ വാലറ്റ പ്രദേശത്ത് വെള്ളം എത്തുന്നില്ലെന്ന് കർഷകരുടെ പരാതിയെ തുടർന്നാണ് ജലവിതരണതോത് വർധിച്ചിരിക്കുന്നത്. കനാലിൽ ബണ്ടിനു താഴെയായി മദ്രസ സ്കൂളിൽ മുപ്പതോളം വിദ്യാർഥികൾ പഠിച്ചുവരുന്നുണ്ട്.
ചോർച്ച വർധിച്ചുവരുന്നതിനാൽ വിദ്യാർഥികളെ മറ്റു സ്ഥലത്തേക്ക് മാറ്റി പഠിപ്പിക്കാൻ നടപടി വേണമെന്ന് രക്ഷിതാക്കളും ആവശ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട്. അപകടസാധ്യതയുണ്ടെന്ന് പരിസരവാസികൾ ചിറ്റൂർ ജലസേചനവകുപ്പു ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാൽ ജീവനക്കാർ ചോർച്ച തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചില്ല.
രണ്ടുമാസം മുന്പാണ് മൂലത്തറ ഇടതുകനാൽ വണ്ടിത്താവളം പാറമേട്ടിൽ പതിമൂന്നു മീറ്റർ നീളത്തിൽ ബണ്ട് തകർന്ന് സമീപവീടുകൾ, മദ്രസ സ്കൂൾ, നിർമാണത്തിലിരിക്കുന്ന കെട്ടിടം, കൃഷിസ്ഥലത്തിലും വെള്ളം കുത്തിയൊഴുകി വൻനാശമുണ്ടായത്. കനാലിന് താഴെയുള്ള ആയിരക്കണക്കിന് ഏക്കർ നെൽപാടങ്ങളിൽ രണ്ടാംവിള ഇറക്കാനാവാതെ കർഷകർ പ്രതിഷേധിച്ച് രംഗത്തുവന്നിരുന്നു. ഇതിനുശേഷമാണ് മണൽചാക്ക് നിരത്തി താത്കലിക ബണ്ട് നിർമിച്ചത്.