പെരുമ്പാവൂർ: ഒക്കൽ ആന്റോപുരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചിരുന്ന കമ്പനിയിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ നാലോടെയാണ് തീപിടിത്തമുണ്ടായത്. പെരുമ്പാവൂർ, പട്ടിമറ്റം, ആലുവ, അങ്കമാലി എന്നിവിടങ്ങളിൽ നിന്നെത്തിയ ആറ് യൂണിറ്റ് ഫയർഫോഴ്സ് ഉദ്യാഗസ്ഥർ മണിക്കൂറുകൾ പണിപ്പെട്ടാണ് തീ അണച്ചത്. തീപിടിച്ചത് രാത്രിയിലായതുകൊണ്ട് ജോലിക്കാരാരും കന്പനിയിലുണ്ടായിരുന്നില്ല. അരക്കോടിയിലധികം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
അങ്കമാലി മാമ്പ്ര സ്വദേശി അൻവറിന്റേതാണ് കമ്പനി. പ്ലാസ്റ്റിക് മാലിന്യങ്ങൾ കന്പനിയിൽ സൂക്ഷിച്ച് തരംതിരിക്കുന്ന ജോലികളാണ് ഇവിടെ ചെയ്തിരുന്നത്. കമ്പനിയുടെ സമീപത്തായി ഉണ്ടായിരുന്ന ഷെഡും തീപിടിത്തത്തിൽ നശിച്ചു. ഒരേക്കർ വരുന്ന സ്ഥലത്ത് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് വീപ്പ ഉൾപ്പെടെയുള്ളവ കത്തിനശിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻമാരായ വി.എൻ. രാജൻ, സാജു എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് തീയണക്കാൻ നേതൃത്വം നൽകിയത്.