ഒറ്റപ്പാലം: താലൂക്ക് ഗവണ്മെൻറ് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് രണ്ടാംഘട്ട വിപുലീകരണം പൂർത്തിയായി.2013 ൽ ഏഴു മെഷീനുകളുമായി പ്രവർത്തനമാരംഭിച്ച ഡയാലിസിസ് യൂണിറ്റ് പാവപ്പെട്ട അനേകം നിർധനരോഗികൾക്ക് ഇതിനകംതന്നെ അത്താണിയായി തീർന്നിട്ടുണ്ട്. പ്രാരംഭത്തിൽ 75 ലക്ഷം രൂപ ചെലവിലാണ് ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്.
രണ്ടാംഘട്ട വിപുലീകരണം പൂർത്തിയാക്കിയത് സംസ്ഥാന സർക്കാറിന്റെയും, പാലക്കാട് എംപിയുടെയും പ്രാദേശിക വികസനഫണ്ടിൽ നിന്നും തുക വകയിരുത്തി ആണ്. സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ കിഫ്ബി യിലൂടെ അനുവദിച്ച തുകയിൽ 10 ഡയാലിസിസ് മെഷീനുകൾ കൂടി ലഭ്യമാക്കുകയും നിലവിലെ ഡയാലിസിസ് യൂണിറ്റ് മുകൾനിലയിൽ പ്രവർത്തനക്ഷമമാക്കുകയും ആണ് ചെയ്തിട്ടുള്ളത്.
എംപി ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവിൽ രണ്ടാംഘട്ട യൂണിറ്റിലേക്ക് ഉള്ള റാംപിന്റെ നിർമ്മാണവും പൂർത്തിയാക്കി നേരത്തെ കേരള സർക്കാർ അനുവദിച്ച 2 ഡയാലിസിസ് മെഷീനുകൾ ഉൾപ്പെടെ 19 മെഷീനുകളോടുകൂടി കേരളത്തിലെ സർക്കാർ മേഖലയിലെ ഏറ്റവും മുൻപന്തിയിലുള്ള യൂണിറ്റായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് മാറിക്കഴിഞ്ഞു.
പതിനാറായിരത്തോളം ഡയാലിസിസ് യൂണിറ്റുകൾ കേന്ദ്രസർക്കാർ വഴി സംസ്ഥാനത്തിന് നൽകിയിട്ടുണ്ട്. ഒറ്റപ്പാലം താലൂക്ക് ഗവണ്മെൻറ് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാം ഘട്ടം കൂടി പൂർത്തിയായ സാഹചര്യത്തിൽ ഒരു വർഷത്തിൽ 25000 ഡയാലിസിസു കൾ നടത്തുവാൻ സാധിക്കും.
ഒറ്റപ്പാലം നഗരസഭ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപ എല്ലാവർഷവും ചെലവഴിക്കുന്നുണ്ട്. ഇത് മെച്ചപ്പെട്ട രീതിയിൽ യൂണിറ്റ് പ്രവർത്തനം കാര്യക്ഷമമാക്കാൻ കാരണമാണ്. ക്യാപ്റ്റൻ ലക്ഷ്മി സ്മാരക ഡയാലിസിസ് കേന്ദ്രത്തിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പരീക്ഷണാടിസ്ഥാനത്തിൽ ഒന്നാം നിലയിലെ വിപുലീകരിച്ച വിഭാഗത്തിൽ ആണ് ഡയാലിസിസ് യൂണിറ്റ് തുടർന്നും പ്രവർത്തിക്കുക.
പണി പൂർത്തിയാകുന്നതോടെ നിലവിലെ കേന്ദ്രത്തിലും വിപുലീകരിച്ച വിഭാഗത്തിലും അടക്കം 19 യൂണിറ്റുകൾ രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തനം നടത്തും. 4 ഹിറ്റുകളായി വർദ്ധിപ്പിച്ച് ദിനംപ്രതി 76 ഡയാലിസിസ് സൗജന്യമായി ചെയ്യാവുന്ന രീതിയിലേക്കാണ് പ്രവർത്തനം വിപുലീകരിക്കുന്നത്.ഇതോടുകൂടി സംസ്ഥാനത്ത് ഒരു ദിവസം ഏറ്റവും കൂടുതൽ സൗജന്യമായി ഡയാലിസിസ് ചെയ്യുന്ന സർക്കാർ ആശുപത്രി എന്ന പദവിയിലേക്ക് ഒറ്റപ്പാലം താലൂക്ക് ആശുപത്രി മാറുമെന്ന കാര്യം ഉറപ്പാണ് .
ദിനംപ്രതി ഡയാലിസിസ് ചെയ്യുന്നതിനുവേണ്ടി എത്തുന്ന രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ഇതിന്റെ ഗൗരവവും ആധികാരികതയും മനസ്സിലാക്കി നിർധന രോഗികൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ഡയാലിസിസ് യൂണിറ്റ് വിപുലീകരിക്കാനും ഇതുവഴി രണ്ടാംഘട്ടം കാര്യക്ഷമമാക്കാനും തീരുമാനമുണ്ടായത്. എം .ബി രാജേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ് പദ്ധതിക്കാവശ്യമായ തുക ആദ്യംതന്നെ കണ്ടെത്തിയത്. സംസ്ഥാനസർക്കാർ കൂടി ഈ ഉദ്യമത്തിൽ പങ്കാളി ആയതോടുകൂടി രണ്ടാംഘട്ടം വിജയകരമാക്കാൻ താലൂക്ക് ഗവണ്മെൻറ് ആശുപത്രിക്ക് സാധിച്ചു.