ന്യൂഡൽഹി: ചരിത്രം ആവർത്തിക്കുന്നു. കുടുംബപരമായുള്ള ബിസിനസ് സാമ്രാജ്യത്ത് തമ്മിലടി നടക്കുന്നത് രാജ്യത്ത് ആദ്യത്തെ സംഭവമൊന്നുമല്ല. മുന്പ് അംബാനി സഹോദരന്മാർ തമ്മിലായിരുന്നെങ്കിൽ ഇപ്പോൾ ടെക്സ്റ്റൈൽ കമ്പനിയായ റെയ്മണ്ട് ഗ്രൂപ്പിന്റെ വിജയ്പത് സിംഘാനിയയും മകൻ ഗൗതം സിംഘാനിയയും തമ്മിലാണ് പോര്.
റെയ്മണ്ട് ഗ്രൂപ്പിന്റെ നിയന്ത്രാണാധികാരം സിംഘാനിയ മൂന്ന് വർഷങ്ങൾക്കു മുന്പ് മകനായ ഗൗതമിന് നല്കിയിരുന്നു. എന്നാൽ, മകൻ തന്നെ വഞ്ചിച്ചെന്നാണ് സിംഘാനിയയുടെ ആരോപണം. താമസിക്കുന്ന അപ്പാർട്ട്മെന്റിൽനിന്നു തന്നെ പുറത്താക്കിയെന്നും കമ്പനി ഓഫീസുകളിൽ വിലക്കേർപ്പെടുത്തിയെന്നും തൊണ്ണൂറ്റിമൂന്നുകാരനായ സിംഘാനിയ ആരോപിച്ചു.
2015ൽ മകന് കമ്പനിയുടെ അധികാരം കൈമാറിയതിൽ താൻ ഇപ്പോൾ ദുഃഖിക്കുന്നുവെന്നും തന്നെ മാനസികമായി സമ്മർദത്തിലാക്കിയതുകൊണ്ടാണ് ഗൗതത്തിന് ഭരണം നല്കിയതെന്നും അദ്ദേഹം പറയുന്നു. ലോകത്തിലെതന്നെ ഏറ്റവും വലിയ കമ്പനികളിലൊന്നായ റെയ്മണ്ടിലെ ഈ തമ്മിലടി ഇന്ത്യൻ കോർപറേറ്റ് മേഖലയിൽത്തന്നെ വലിയൊരു മുറിപ്പാടാകും.
വിജയ്പത് സിംഘാനിയയുടെ പ്രശ്നം തുടങ്ങുന്നത് 2015ൽ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന 37 ശതമാനം ഓഹരികൾ മകന് കൈമാറിയതോടെയാണ്. ഇതിനുശേഷം താമസിച്ചിരുന്ന ഫ്ലാറ്റിൽനിന്ന് ഒഴിയേണ്ടി വന്നു. റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റസ് എന്ന പദവി ഡയറക്ടർ ബോർഡ് സിംഘാനിയയിൽനിന്ന് എടുത്തുമാറ്റി. കമ്പനിക്കെതിരേ മോശമായ ഭാഷയിൽ കത്തെഴുതി എന്നാരോപിച്ചായിരുന്നു ഈ നീക്കം. അദ്ദേഹത്തിനു ലഭിച്ച പദ്മഭൂഷൻ ബഹുമതി വരെ റെയ്മണ്ട് ഗ്രൂപ്പ് കൈവശപ്പെടുത്തി അദ്ദേഹത്തെ പടിക്കു പുറത്താക്കി.
രണ്ടു വർഷമായി അച്ഛനും മകനും തമ്മിൽ സംസാരിച്ചിട്ടില്ല. പ്രായമായ മാതാപിതാക്കളെ മക്കൾ പരിപാലിക്കുന്നില്ലെങ്കിൽ ഇഷ്ടദാനം നല്കിയ സ്വത്തുക്കൾ മാതാപിതാക്കൾക്ക് തിരിച്ചെടുക്കാമെന്ന 2007ലെ നിയമം അനുസരിച്ച് കേസ് നല്കാനൊരുങ്ങുകയാണ് വിജയ്പത് സിംഘാനിയ. ജീവിച്ചിരിക്കുന്ന കാലത്ത് മാതാപിതാക്കൾ തങ്ങളുടെ സ്വത്തുക്കൾ ഒരിക്കലും മക്കൾക്കു നല്കരുതെന്നാണ് സിംഘാനിയ നല്കുന്ന ഉപദേശം.
അതേസമയം, റെയ്മണ്ടിന്റെ ചെയർമാൻ സ്ഥാനത്തിരിക്കുന്പോൾ മകന്റെ ഉത്തരവാദിത്തം ചെയ്യാൻ കഴിയില്ലെന്നാണ് ഗൗതം പറയുന്നത്. അതുകൊണ്ടുതന്നെ കമ്പനിയുടെ സ്വത്തുക്കൾ ഏറ്റെടുക്കാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അച്ഛനും മകനും തമ്മിലുള്ള പോര് ഇതുവരെ കന്പനിയുടെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല. 2018ലെ രണ്ടാം ത്രൈമാസത്തിൽ അറ്റാദായം 50 ശതമാനം ഉയരുകയും ചെയ്തു. അടുത്തിടെ എത്യോപ്യയിൽ പുതിയ ഫാക്ടറി തുറന്നു. നിലവിൽ 55 രാജ്യങ്ങളിലേക്ക് റെയ്മണ്ടിന്റെ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.
ഒരു ചെറിയ ടെക്സ്റ്റൈൽസ് സ്ഥാപനത്തിൽനിന്ന് റെയ്മണ്ട് ഗ്രൂപ്പ് അന്താരാഷ്ട്ര സ്ഥാപനമായി മാറിയത് എട്ടു പതിറ്റാണ്ടുകൾകൊണ്ടാണ്. ഉന്നത നിലവാരമുള്ള കമ്പിളി സ്യൂട്ടുകളുടെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകരാണ് റെയ്മണ്ട് ഗ്രൂപ്പ് ഇപ്പോൾ. വസ്ത്രനിർമാണമേഖലയിൽ മാത്രമല്ല സിംഘാനിയ കുടുംബം വിജയക്കൊടി പാറിച്ചിട്ടുള്ളത്. സിമന്റ്, ഡെയറി, ടെക് മേഖലകളിലും ഈ കുടുംബത്തിന് സാന്നിധ്യമുണ്ട്.
ക്രെഡിറ്റ് സ്യൂസെയുടെ റിപ്പോർട്ട് അനുസരിച്ച് ഏറ്റവുമധികം കുടുംബ ബിസിനസുകളുള്ള രാജ്യങ്ങളിൽ മൂന്നാമതാണ് ഇന്ത്യ. ചൈനയും അമേരിക്കയുമാണ് ആദ്യ സ്ഥാനങ്ങളിൽ.
രാജ്യത്ത് അന്താരാഷ്ട്ര ബിസിനസ് മാനദണ്ഡങ്ങൾ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധർ പറയുന്നു. ഇത് വർഷങ്ങൾക്കു മുന്പ് അംബാനി സഹോദരന്മാർ തമ്മിൽ പോരുണ്ടായതുപോലുള്ള സാഹചര്യം കുറയ്ക്കുമെന്നാണ് വിലയിരുത്തൽ. വിൽപത്രം തയാറാക്കാതെ ധീരുഭായ് അംബാനി നിര്യാതനായതാണ് മക്കളായ മുകേഷും അനിലും തമ്മിൽ വഴക്കുണ്ടാകാൻ കാരണം.