ആലപ്പുഴ: ഹർത്താൽ ദിനത്തിലും തലേന്നും ഒക്കെയായി നടന്ന അക്രമപ്രവർത്തനങ്ങളിൽ ജില്ലയിലൊട്ടാകെ 231 പേരുടെ അറസ്റ്റ് ഇന്നു രാവിലെ വരെയായി രേഖപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടും ഉപരോധവുമായി ബന്ധപ്പെട്ടും അന്‍പതോളം കേസുകളും എടുത്തിട്ടുണ്ട്.
ഓപ്പറേഷൻ ബ്രോക്കൻ വിൻഡോയുടെ ഭാഗമായി ശേഷിക്കുന്നവരുടെയും അറസ്റ്റുകൾ ഉടൻ തന്നെ രേഖപ്പെടുത്തുമെന്നും എസ്പി വ്യക്തമാക്കി.പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹർത്താൽ തലേന്നു തന്നെ പലയിടത്തും അക്രമം ആരംഭിച്ചിരുന്നതിനാൽ പോലീസും ജാഗരൂകരായിരുന്നു. എണ്‍പതോളം പേരെ കരുതൽ തടങ്കലിലും ആക്കിയിരുന്നു.
കലാപമുണ്ടാക്കിയവരുടെ വ്യക്തിവിവരങ്ങളും ചിത്രങ്ങളും ഉൾപ്പടെ പട്ടിക തയാറാക്കും. ഇത്തരക്കാരെ അറസ്റ്റുചെയ്യുന്നതിനായി സബ്ഡിവിഷണൽ തലത്തിൽ തന്നെ പ്രത്യേക സംഘത്തെയും നിയോഗിക്കും. സമൂഹ മാധ്യമങ്ങളിലൂടെ മതസ്പർധ വളർത്തുന്ന പ്രതികരണം നടത്തുന്നവർക്കെതിരെയും നടപടിയുണ്ടാകും.