കേരളം മഹാപ്രളയത്തില്‍ മുങ്ങിയപ്പോള്‍ ചില ഉദ്യോഗസ്ഥര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും സേവനവും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അക്കൂട്ടത്തിലൊരാളാണ് തിരുവനന്തപുരം കളക്ടര്‍ വാസുകി ഐഎഎസ്. യുവജനങ്ങള്‍ക്കെല്ലാം പ്രചോദനം നല്‍കുന്നതായിരുന്നു കളക്ടറുടെ പ്രവര്‍ത്തനങ്ങളും നടപടികളും.
ഇപ്പോഴിതാ പരിസ്ഥിതി സംരക്ഷണ സന്ദേശപ്രചരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ കളക്ടറുടെ പുതിയ വീഡിയോയും തരംഗമായി മാറിയിരിക്കുന്നു. പരിസ്ഥിതി സംരക്ഷിക്കാനായി ഉപയോഗിച്ച വസ്തുക്കള്‍ കളയാതെ പുനരുപയോഗം നടത്തണം എന്ന സന്ദേശം നല്കാന് പുറത്തുവിട്ട വീഡിയോയില്‍ മറ്റൊരാള്‍ ഉപയോഗിച്ച സാരി ഉടുത്താണ് കളക്ടര്‍ എത്തിയത്.
കോട്ടണ്‍ അല്ലാത്ത സാരികള്‍ പ്ലാസ്റ്റികിന് തുല്യമാണെന്നും അത് ഉപയോഗശേഷം കളയുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും അതിനാല്‍ ഞാനിതാ മറ്റൊരാള്‍ ഉപയോഗിച്ച് ഉപേക്ഷിച്ച സാരി പുനരുപയോഗം നടത്തുന്നതിന്റെ ഭാഗമായി അത് ഉടുത്ത് വന്നിരിക്കുന്നു എന്നും ഇത്തരത്തില്‍ പുനരുപയോഗം ചെയ്യുന്നതുകൊണ്ട് യാതൊരുവിധ അസുഖങ്ങളും വരില്ലെന്നും കളക്ടര്‍ പറയുകയുണ്ടായി.
കളക്ടറുടെ ഈ വിശാല മനസിനെ അഭിനന്ദിക്കുകയാണിപ്പോള്‍ സോഷ്യല്‍മീഡിയ. വളരെ മികച്ച സന്ദേശമാണ് കളക്ടര്‍ ഇതിലൂടെ നല്‍കിയിരിക്കുന്നതെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.