കുന്നംകുളം: കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വേട്ടേക്കരൻ പാട്ടിനുള്ള ഒരുക്കങ്ങൾ തുടങ്ങി. നാളെയാണ് ക്ഷേത്രത്തിൽ 12008 നാളികേരം എറിഞുള്ള വേട്ടേക്കരൻ പാട്ട്.ആചാരാനുഷ്ഠാനങ്ങളെ കൊണ്ടും വ്രതശുദ്ധി കൊണ്ടും പരിശുദ്ധമായ ക്ഷേത്രത്തിലാണ് സങ്കീർണവും ശ്രേഷ്ഠവുമായ വേട്ടേക്കരൻ പാട്ട് ചടങ്ങുകൾ നടക്കുക. നാളെ ഉച്ചപാട്ട് എന്ന ചടങ്ങോടു കൂടിയാണ് കളംപാട്ട് ആരംഭിക്കുക.
രാവിലെ 10 മണിയോടു കൂടി കളം വരയ്ക്കാനും പാട്ടുപാടാനും സമിതി അധികാരപ്പെടുത്തിയ കുറുപ്പന്മാർ കൂറയിട്ട് പാട്ടുപാടി ചടങ്ങ് നിർവഹിക്കും. ശേഷം 12008 നാളികേരം എണ്ണംകൂട്ടുന്ന ചടങ്ങും നടക്കും. വൈകിട്ട് മൂന്ന് മണിയോടുകൂടി വേട്ടേക്കരൻ ഭഗവാന്റെ രൂപം അരിപ്പൊടി, കൃഷ്ണ പൊടി , മഞ്ഞൾ പൊടി , പച്ചപ്പൊടി, ചുവന്ന പൊടി നിറങ്ങളാൽ ആലേഖനം ചെയ്യുന്ന ചടങ്ങും ആരംഭിക്കും.
കളം കുറിക്കുന്ന ചടങ്ങിനുശേഷം തായന്പക കേളി കൊന്പുപറ്റ് കുഴൽപറ്റ് എന്നിവയും ഉണ്ടാകും നിറമാലയും ദീപാരാധനയും ഉണ്ടാകും. ഇതിനുശേഷം മുല്ലക്കൽ പാട്ടിനു ഭഗവാനെ എഴുന്നള്ളിക്കും. പാട്ടിനുശേഷം മേളവും ഉണ്ടായിരിക്കും. നാളെ രാത്രി 11 മണിയോടെ 12008 നാളികേരം എറിയുന്ന ചടങ്ങ് ആരംഭിക്കും. തുടർന്ന്പുലർച്ചെ നാളികേരം എറിയുന്ന ചടങ്ങ് പൂർത്തിയായ ശേഷം കൂറ വലിച്ച് വേട്ടേക്കരൻ പാട്ട് സമാപിക്കും. ക്ഷേത്രം തന്ത്രി തെക്കേടത്ത് ശശിധരൻ നന്പൂതിരി മുഖ്യകാർമികത്വം വഹിക്കും.
വേട്ടേക്കരൻ പാട്ട് എറിയുന്നതിനുള്ള നാളികേരങ്ങൾ വൃത്തിയാക്കുന്ന പണികൾ ഇപ്പോൾ ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. പൊളിച്ച് വൃത്തിയാക്കിയ ശേഷമുള്ള നാളികേരങ്ങൾ ആണ് ചടങ്ങിന് ഉപയോഗിക്കുക.. വേട്ടേക്കരൻ പാട്ട് ദിവസമായ നാളെ ഉച്ചയ്ക്കും വൈകിട്ടും എല്ലാ ഭക്തജനങ്ങൾക്കും അന്നദാനവും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.
ഈവർഷത്തെ 12008 നാളികേരം നിറഞ്ഞുള്ള വേട്ടേക്കരൻ പാട്ട് ചടങ്ങുകൾക്ക് ഒരുക്കങ്ങളെല്ലാം പൂർത്തിയായികഴിഞ്ഞതായി ക്ഷേത്രം പ്രസിഡന്റ് കെ.കെ. സുബിദാസ്,സെക്രട്ടറി സുനീഷ് അയിനിപ്പുള്ളി , ട്രഷറർ ഭാസ്കരകുറുപ്പ് എന്നിവർ അറിയിച്ചു