മുക്കൂട്ടുതറ: റോഡരികിൽ രാത്രിയിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ ചില്ല് കല്ലെറിഞ്ഞു പൊട്ടിച്ചത് മറ്റൊരു ബസിന്റെ കണ്ടക്ടർ ആണെന്ന് പോലീസ് കണ്ടെത്തി. കുറ്റം സമ്മതിച്ച കണ്ടക്ടർ നഷ്ടപരിഹാരം നൽകാമെന്ന് ബസ് ഉടമയുമായി പോലീസ് സാന്നിധ്യത്തിൽ ധാരണയായതോടെ കേസ് ഒത്തുതീർപ്പിലുമായി.
കഴിഞ്ഞ ദിവസം ചാത്തൻതറയിലാണ് കോട്ടയം -എരുമേലി റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ ചില്ലുകൾ കല്ലെറിഞ്ഞുടച്ച നിലയിൽ കണ്ടെത്തിയത്. ബസുടമ കാഞ്ഞിരപ്പള്ളി ജിസ് തോമസ് നൽകിയ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച വെച്ചൂച്ചിറ പോലീസ് സംഭവസ്ഥലത്തിനടുത്തുള്ള കടയിലെ സിസി കാമറ പരിശോധിച്ചു.
കാമറയിലെ ദൃശ്യങ്ങളിൽ സംഭവസമയത്ത് കടന്നുപോയ ആക്ടിവ സ്കൂട്ടറിന്റെ ഉടമയെയും ഇയാളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ ഈ സമയത്ത് ചാത്തൻതറയിലാണെന്നും പോലീസ് കണ്ടെത്തിയതോടെ പ്രതി മറ്റൊരു ബസിന്റെ കണ്ടക്ടർ ആണെന്ന് വ്യക്തമാകുകയായിരുന്നു .
കോട്ടയത്ത് നിന്നു വൈകുന്നേരം ബസ് പുറപ്പെടുന്ന സമയത്തെ ചൊല്ലിയുള്ള തർക്കമാണ് കല്ലെറിഞ്ഞു ചില്ലുടച്ചതിന് പിന്നിലെന്നും കണ്ടെത്തി. ചില്ല് പൊട്ടിയത് മൂലം ഒരു ദിവസം സർവീസ് മുടങ്ങിയതും കോട്ടയത്തെത്തി ചില്ല് മാറ്റി പുതിയത് വെക്കേണ്ടി വന്നതും ഉൾപ്പടെ നഷ്ടപരിഹാരമായി 35000 രൂപ നൽകാമെന്ന് ധാരണയായതോടെ പരാതി ഒത്തുതീർപ്പാക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.