കൊച്ചി: എക്സൈസ് വകുപ്പ് കഴിഞ്ഞ വർഷം പിടികൂടിയത് 800 കോടി രൂപയുടെ ലഹരി വസ്തുക്കൾ. 7573 കേസുകളിലായി ഇത്രയധികം രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടിയപ്പോൾ 7802 പേരെ അറസ്റ്റ് ചെയ്തതായും എക്സൈസ് കമ്മീഷ്ണർ ഋഷിരാജ് സിംഗ് പത്രസമ്മേളനത്തിൽ പറഞ്ഞു. 2014 ൽ 900 കേസുകൾ മാത്രം രജിസ്റ്റർ ചെയ്തിരുന്നിടത്താണു നാലു വർഷത്തിനിപ്പുറം കേസുകളുടെ എണ്ണം പതിൻമടങ്ങ് വർധിച്ചത്.
കഴിഞ്ഞ വർഷം 1883 കിലോഗ്രാം കഞ്ചാവ് പിടികൂടിയപ്പോൾ 2186 കഞ്ചാവ് ചെടികൾ നശിപ്പിച്ചു. 64.3 കിലോഗ്രാം ഹാഷിഷ് ഓയിലും 39 ഗ്രാം ഹെറോയിനും പിടികൂടിയതിനു പുറമേ 39,617 എണ്ണം ഗുളികകളും ആംപ്യൂളുകളും പിടിച്ചെടുത്തു. 31 കിലോഗ്രാം എംഡിഎംഎ, 320 ഗ്രാം ബ്രൗണ്‍ഷുഗർ, ആറ് ഗ്രാം എൽഎസ്ഡി എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
വിവിധ കേസുകളിലായി 995 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ 10,00 ടണ്‍ നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി നശിപ്പിച്ചു. ഡോക്ടർമാരുടെ നിർദേശമില്ലാതെ മെഡിക്കൽ ഷോപ്പുകളിൽനിന്ന് ഇത്തരം മരുന്നുകൾ കൊടുക്കരുതെന്നു നിർദേശമുണ്ടെങ്കിലും പലരും പാലിക്കാറില്ല. പോയവർഷം ഇത്തരം 27 കടകളാണ് പൂട്ടിച്ചത്.
ലഹരി ഉപയോഗത്തിൽ കേരളം രണ്ടാം സ്ഥാനത്തു തുടരുന്പോൾ ലഹരിക്കടത്തിന്റെ മുഖ്യകേന്ദ്രമായി കൊച്ചി മാറിയിട്ടുണ്ട്. കിഴക്കു പൂർവേഷ്യൻ രാജ്യങ്ങളിലേക്കുള്ള ലഹരിക്കടത്ത് കൊച്ചി വഴിയാണ്. മയക്കുമരുന്നും പുകയില ഉൽപന്നങ്ങളും കപ്പൽ മാർഗം എത്തിക്കാൻ സാധിക്കുന്നതാകാം പ്രധാന കാരണങ്ങളിലൊന്ന്.
ലഹരിക്കടത്ത് തടയാൻ നെടുന്പാശേരി വിമാനത്താവളത്തിലടക്കം രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ആറു മാസത്തിനകം പുതിയ സ്കാനറുകൾ സ്ഥാപിക്കും. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സുരക്ഷാവിഭാഗം അതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ പരിശോധന ശക്തമായതിനെത്തുടർന്ന് ഫ്ളാറ്റുകളിലും മറ്റും നിശാപാർട്ടികൾ പെരുകിയിട്ടുണ്ട്. അനധികൃതമായി പ്രവർത്തിച്ച മൂന്നോളം ക്ലബുകൾക്കെതിരേ നടപടി സ്വീകരിച്ചതായും ഋഷിരാജ് സിംഗ് പറഞ്ഞു.