തിരുവനന്തപുരം: ശബരിമലയിൽ ഇതുവരെ ഒമ്പതു യുവതികൾ ദർശനം നടത്തിയതായി പോലീസ്.ശ്രീലങ്ക മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരടക്കം 50 വയസിൽ താഴെയുള്ള ഒൻപതു യുവതികൾ ഇതുവരെ ദർശനം നടത്തിയെന്നാണു പോലീസ് ഉന്നതർ പറയുന്നത്. ഇതു സംബന്ധിച്ച റിപ്പോർട്ട് വൈകാതെ സുപ്രീംകോടതിയിൽ സമർപ്പിക്കാനാണു നിർദേശം.
മലേഷ്യയിൽ നിന്നു മൂന്നു യുവതികൾ ഇന്നലെ പോലീസ് സഹായത്തോടെ ദർശനം നടത്തി. 25 അംഗ മലേഷ്യൻ സംഘത്തിനൊപ്പമെത്തിയ യുവതികളാണു മല കയറിയത്. അതേസമയം, ഇവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.
പാരീസിൽ സ്ഥിര താമസമാക്കിയ നാല്പത്തേഴു വയസുള്ള ശശികലയെന്ന ശ്രീലങ്കൻ യുവതി വ്യാഴാഴ്ച രാത്രി നട അടയ്ക്കുന്നതിനു തൊട്ടു മുൻപാണു ദർശനം നടത്തിയത്.പ്രതിഷേധത്തിനൊടുവിൽ രാത്രി 9.30നു തിരിച്ചിറങ്ങുന്നതായി ഭാവിച്ചെങ്കിലും രാത്രി 10.50നു പോലീസ് സഹായത്തോടെ ശശികല ദർശനം നടത്തുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം സ്ഥിരീകരിച്ചു. ഇവർ ദർശനം നടത്തിയെന്നും ഇല്ലെന്നും വിവാദമുണ്ടായ സാഹചര്യത്തിലാണു മുഖ്യമന്ത്രി നേരിട്ട് ഇക്കാര്യം സ്ഥിരീകരിച്ചത്. ശശികല ഭർത്താവിനൊപ്പമാണു ശബരിമല ദർശനം നടത്തിയത്. ഇവർ പാരീസിലേക്കു മടങ്ങും.
പാരീസിൽ നിന്നു ചെരുപ്പു പോലും ഇടാതെ കഠിന വ്രതം നോറ്റാണ് ശശികല ശബരിമലയിൽ എത്തിയതെന്നാണു പോലീസ് പറയുന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ യുവതികളെ വ്യാപകമായി കയറ്റിയെന്ന് കോടതിയെ അറിയിക്കുന്നതിന്റെ ഭാഗമായാണു കൂടുതൽ യുവതികളെ എത്തിക്കുന്നത്.
കേരളത്തിൽ നിന്നു കൂടുതൽ യുവതികൾ വരാൻ തയാറാകാത്ത സാഹചര്യത്തിലാണു സഹായം തേടുന്ന വിദേശ യുവതികളെ ശബരിമല കയറാൻ പോലീസ് സഹായിക്കുന്നത്. കഴിഞ്ഞ ദിവസം ബിന്ദുവും കനകദുർഗയും ശബരിമല ദർശനം നടത്തിയ ശേഷമാണു വ്യാപകമായി യുവതികളെ എത്തിക്കുന്ന പദ്ധതിയുമായി പോലീസും സർക്കാരും മുന്നോട്ടുപോകുന്നത്.