ശബരിമലയിലെ യുവതീപ്രവേശനത്തിന് സുപ്രീംകോടതി പോലും അനുമതി നല്‍കിയിട്ടും അങ്ങനെയൊരവസ്ഥ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നാണ് കുറേയേറെയാളുകള്‍ ഇപ്പോഴും നിലപാടെടുത്തിരിക്കുന്നത്.
അതിന് തെളിവാകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ക്ഷേത്രത്തിലെ അരവണ പ്ലാന്റിലെ 24 താല്‍ക്കാലിക തൊഴിലാളികള്‍ ജോലി വേണ്ടെന്നുവച്ചിരിക്കുകയാണ്. പോലീസ് സംരക്ഷണത്തില്‍ യുവതികളെ ശബരിമല സന്നിധാനത്ത് തുടര്‍ച്ചയായി എത്തിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ ഈ തീരുമാനത്തില്‍ എത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ശബരിമലയില്‍ കലാപമുണ്ടാക്കുന്ന നിലപാടുകളോട് തങ്ങള്‍ക്ക് യോജിക്കാന്‍ കഴിയില്ലെന്നും അതിനാലാണ് ജോലി ഉപേക്ഷിക്കുന്നതെന്നും ഇവര്‍ എഴുതി നല്കി. അരവണ പാക്കിംഗ് വിഭാഗത്തില്‍ നിന്നുമാണ് 24 പേര് ഇപ്പോള്‍ പിരിഞ്ഞു പോയിരിക്കുന്നത്.
മകരവിളക്കിന്റെ സുപ്രധാന ദിവസങ്ങളാണ് ഇനി വരാന്‍ പോകുന്നത്. മകരജ്യോതി ദര്‍ശനം നടക്കുക ഈ മാസം പതിനാലാം തീയതിയാണ്. 12 ലക്ഷം അരവണയാണ് ഇപ്പോള്‍ ക്ഷേത്രം കരുതിയിട്ടുണ്ട്. ഓരോ ദിവസവും 200 റ്റിന് അരവണയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.