ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 2018ലെ മികച്ച കളിക്കാരനുള്ള ഗ്ലോബ് സോക്കര്‍ അവാര്‍ഡ്. അത്ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം ആന്ത്വാന് ഗ്രീസ്മാന്, പാരീ സാന്‍ ഷെര്മയിന്റെ കൈലിയന്‍ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് യുവന്റസിന്റെ പോര്‍ച്ചുഗീസ് താരം റൊണാള്‍ഡോ പുരസ്കാരം നേടിയത്. നാലു തവണ ഗ്ലോബ് സോക്കര്‍ പുരസ്കാരം നേടിയിട്ടുള്ള പോര്‍ച്ചുഗീസ് താരത്തിന്റെ തുടര്‍ച്ചയായ മൂന്നാം നേട്ടമാണിത്.
ഫാന്‍സിന്റെ അവാര്‍ഡും റൊണാള്‍ഡോയ്ക്കാണ്. ഫ്രാന്‍സിനെ ലോക ചാമ്പ്യന്മാരാക്കിയ ദിദിയെ ദെഷാംപ് മികച്ച പരിശീലകനുള്ള അവാര്‍ഡും ബ്രസീലിന്റെ ഇതിഹാസം റൊണാള്‍ഡോയ്ക്ക് പ്ലയര്‍ കരിയര്‍ അവാര്‍ഡും ലഭിച്ചു.
സിനദിന്‍ സിദാന്, ഡിയേഗോ സിമിയോണി, യര്‍ഗന്‍ ക്ലോപ്, മാസിമില്യാനോ അല്ലെഗ്രി എന്നിവരെ പിന്തള്ളിയാണ് ദെഷാംപ് മികച്ച പരിശീലകനുള്ള അവാര്‍ഡ് നേടിയത്. അത്ലറ്റിക്കോ മാഡ്രിഡിനാണ് മികച്ച ക്ലബ്ബിനുള്ള അവാര്‍ഡ്. മികച്ച ഏജന്റിനുള്ള അവാര്‍ഡ് റൊണാള്‍ഡോയുടെ ഏജന്റ് ഹൊര്‍ഹെ മെന്ഡസിനാണ്.