കൊച്ചി: സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസുകളിൽ ഒന്നായ കണ്ടെയ്നർ കടത്തു മേഖലയിൽ ഹർത്താലും പണിമുടക്കും മൂലം കഴിഞ്ഞ ഒരു വർഷമുണ്ടായതു 111.60 കോടി രൂപയുടെ നഷ്ടം. കഴിഞ്ഞ വർഷത്തെ 93 പ്രവൃത്തി ദിനങ്ങൾ നഷ്ടപ്പെടുത്തിയ ഹർത്താലുകൾ പ്രളയത്തിൽ തകർന്ന ഈ മേഖലയുടെ ഉയർത്തെഴുന്നേൽപ്പിനു തിരിച്ചടിയായി.
കണ്ടെയ്നർ കയറ്റിയിറക്ക് മേഖലയിൽ 50 കോടിയുടെ നഷ്ടമുണ്ടായപ്പോൾ തൊഴിൽവേതനം വാടക തുടങ്ങിയ ഇനങ്ങളിലാണു ശേഷിക്കുന്ന നഷ്ടം. തിട്ടപ്പെടുത്താനാകാത്ത കണക്കുകൾ കൂടി ചേർത്താൽ നഷ്ടം ഇതിലും ഏറെയാകുമെന്നു കൊച്ചിൻ സ്റ്റീമർ എജന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പ്രകാശ് ഐയ്യർ പറഞ്ഞു.
സംസ്ഥാനത്തെ പ്രധാന കണ്ടെയ്നർ കടത്തു മേഖലയായ വല്ലാർപാടംവഴി ഒരു വർഷം 4000 കണ്ടെയ്നറുകളാണു കടന്നുപോകുന്നത്. ഹർത്താൽ ദിനങ്ങളിൽ കണ്ടെയ്നറുകൾ എത്തിച്ചേരാത്തതുമൂലം കപ്പലുകൾ കാലിയായി തിരിച്ചയയ്ക്കേണ്ടി വന്നതിലൂടെ കോടികളുടെ നഷ്ടമുണ്ടായി. ചരക്കുകൾ കയറ്റാതെ ഒരു കപ്പൽ തിരിച്ചയ്ക്കേണ്ടി വരുന്പോൾ 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകും.
ഇതിനു പുറമേയാണു വാടക ഇനത്തിലും വേതന ഇനത്തിലുമുണ്ടായ നഷ്ടം. മാസവേതന അടിസ്ഥാനത്തിൽ ആയിരത്തിലേറെ തൊഴിലാളികൾ ഇവിടെ ജോലിയെടുക്കുന്നുണ്ട്. ഹർത്താൽ, പണിമുടക്ക് ദിവസങ്ങളിൽ ജോലി ഇല്ലെങ്കിൽ പോലും ആ ദിവസത്തെ വേതനം നല്‍കേണ്ടിവരും. ഹർത്താലിൽ കണ്ടെയ്നറുകളുമായി ലോറികൾ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കും. ഇങ്ങനെ വൈകുന്ന ഓരോ മണിക്കൂറിനും വൻതുക പിഴ അടയ്ക്കേണ്ടി വരും.
അനിൽ തോമസ്