ദേവരാജൻ പൂച്ചാക്കൽ
പൂച്ചാക്കൽ: പ്രകൃതിയെ വ്യാപകമായി ചൂഷണം ചെയ്യുന്ന ഈ കാലഘട്ടത്തിൽ വേന്പനാട്ടു കായലിന്റെ തീരസംരക്ഷണത്തിനായി കണ്ടൽക്കാടുകൾ ഒരുക്കുന്നു. വ്യത്യസ്തമായ പദ്ധതികൾ ആവിഷ്കരിച്ചും നടപ്പാക്കിയും ശ്രദ്ധ നേടിയിട്ടുള്ള പാണാവള്ളി പഞ്ചായത്തിലെ എട്ട്, ഒന്പത് വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് വേന്പനാട്ടു കായലിന്റെ തീരപ്രദേശങ്ങളിൽ കണ്ടൽ തൈകൾ വച്ചുപിടിപ്പിക്കുന്ന ബൃഹത് പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
കായൽ തീരങ്ങളുടെ സംരക്ഷണം മത്സ്യസംപുഷ്ടി തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് തൊഴിലുറപ്പ് തൊഴിലാളികൾ വേന്പനാട്ടു കായലിൽ സ്ഥിതി ചെയ്യുന്ന അഞ്ചുതുരുത്ത്, മയിലൻ തുരുത്ത് കൂടാതെ ഉൗടുപുഴ, കുറ്റിക്കര എന്നീ തീരങ്ങളിലും സംരക്ഷണമേകാൻ കണ്ടൽ വിപ്ലവത്തിന് ഒരുങ്ങുന്നത്. തീരദേശത്തെ ഉപ്പുവെള്ള ശുദ്ധീകരണം, വേലിയേറ്റ തീരസംരക്ഷണം, തീരം ഇടിയുന്നതിൽ നിന്നുള്ള സംരക്ഷണം, മത്സ്യ ഉത്പാദനത്തിനും പ്രജനനത്തിനുമുള്ള സൗകര്യമൊരുക്കൽ എന്നിവ കണ്ടൽ വ്യാപനപദ്ധതിയിലൂടെ കൈവരിക്കാനാകും.
വാർഡുകളിലെ രണ്ട് കേന്ദ്രങ്ങളിലായി 4,000 കണ്ടൽചെടികളാണ് നഴ്സറിയിൽ കവറുകളിൽ നട്ടുപിടിപ്പിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി തൊഴിലുറപ്പ് തൊഴിലാളികളാണ് കണ്ടലിന്റെ വിത്തുകൾ ശേഖരിച്ച് ഇവ നട്ടുപിടിപ്പിക്കുന്നത്. വേന്പനാട്ടു കായലിലെ ചെറിയ തുരുത്തുകൾക്കരികിൽ വളർന്നു നിൽക്കുന്ന കണ്ടലുകളിൽ നിന്നും സ്ത്രീ തൊഴിലാളികൾ തന്നെ വള്ളത്തിൽ പോയാണ് കണ്ടലിന്റെ വിത്തുകൾ ശേഖരിച്ചത്.
ഇത് വളർന്ന് രണ്ടടിയോളം ഉയരമാകുന്പോൾ തീരമേഖലകളിൽ നട്ടുപിടിപ്പിക്കാനാണ് പദ്ധതി എന്ന് വാർഡംഗങ്ങളായ ഷീബാ സത്യൻ, പ്രോംലാൽ എന്നിവർ പറഞ്ഞു. പദ്ധതികൾക്ക് നേതൃത്വം നൽകുന്നത് മഹിള ശശി, ലിജി എന്നിവരാണ്. കൂടാതെ എൻആർജി പ്രവർത്തകരുടെ പ്രോത്സാഹനവുമുണ്ട്.
പ്രകൃതി ചൂഴണവും തീരപ്രേദേശങ്ങളിലെ അനധികൃത നിർമാണ പ്രവർത്തനവും കൊണ്ട് കണ്ടൽ കാടുകൾ നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം പ്രവർത്തതനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് സാമൂഹ്യ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.