എടത്വ: പിതാവിന്റെ മരണത്തെതുടർന്ന് ഇരുകാലുകളും തളർന്ന മക്കൾ ഇനി എന്തു ചെയ്യും എന്നറിയാതെ നിരാലം ബരായ അവസ്ഥയിൽ. തലവടി പഞ്ചായത്ത് 12-ാം വാർഡിൽ പാലപ്പറന്പിൽ പി.കെ. രാജപ്പന്റെ (78) മരണത്തോടെയാണ് ഇരുകാലുകളും തളർന്ന മക്കളുടെ ആശ്രയം നിലച്ചത്. കൂലിപ്പണിക്കാരനായ രാജപ്പൻ ഇന്നലെ പുലർച്ചെ ഹ്യദയാഘാതത്തെ തുടർന്നു മരണമടയുകയായിരുന്നു.
മൂത്തമകൻ ഷിൻജി (42) യും, ഇളയ മകൾ ഷൈലജ (40)യും ഇരുകാലുകളും തളർന്ന് കിടപ്പിലായിട്ട് 20 വർഷം പിന്നിടുന്നു. ഭാര്യ സരസമ്മ (72) കടുത്ത ആസ്തമ രോഗിയാണ്.കുടുംബത്തിന്റെ ഏകാശ്രയം വയോധികനായ രാജപ്പനായിരുന്നു. കൂലിപ്പണിയിൽ നിന്നും വല്ലപ്പോഴും കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബത്തിൽ അടുപ്പ് പുകഞ്ഞിരുന്നത്. തയ്യൽ തൊഴിലാളിയായിരുന്ന ഷിൻജിക്ക് 22 വർഷം മുന്‍പാണ് തളർവാതം പിടിപെട്ട് ഇരുകാലുകളും തളർന്നത്.
ഏക മകന്റെ ചികിത്സക്കായി പല ആശുപത്രികളിലും മാതാപിതാക്കൾ കയറിയിറങ്ങി. ചികിത്സയെല്ലാം വിഫലമായതോടെ ഈ തൊഴിലാളി കുടുംബത്തിൽ കടം മാത്രം അവശേഷിച്ചു. പിതാവിന്റെ കഷ്ടപ്പാടും സഹോദരന്റെ ദുരിതവും കണ്ട് മനംമടുത്ത ഏക മകൾ ഷൈലജ കാണ്‍പൂരിൽ ജോലിക്കായി പോയി.
ഇവിടെ ജോലി നോക്കുന്നതിനിടെ 15 വർഷം മുന്‍പു ഷൈലജയുടെ ഇരുകാലുകൾക്കും ചലനശേഷി നഷ്ടപ്പെട്ടു. ഇതോടെ കുടുംബം കടുത്ത പ്രതിസന്ധിയിലായിത്തീർന്നു. പ്രദേശവാസികളുടെ സഹായത്തോടെ ചികിത്സ തുടർന്നെങ്കിലും ഇരുവർക്കും മോചനം ലഭിച്ചില്ല. ഹൃദയം നുറുങ്ങുന്ന വേദന ഉള്ളിലൊതുക്കി സഹോദരങ്ങൾ വീടിനുള്ളിൽ കഴിച്ചുകൂട്ടുന്പോൾ പിതാവായിരുന്നു ഇവരുടെ ഏകാശ്രയം.
രാജപ്പന്റെ മരണത്തോടെ ഇനി എന്തു ചെയ്യുമെന്ന അവസ്ഥയിലാണ് കുടുംബം. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ.