കിഴക്കമ്പലം: മോറക്കാല പള്ളിമുകൾ കോളനിയിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നിർമിച്ച കുടിവെള്ള ടാങ്ക് നിർമാണം പൂർത്തിയാകുന്നതിന് മുന്പുതന്നെ ചോർന്നൊലിക്കുന്നതായി പരാതി. ടാങ്ക് വാർത്ത ശേഷം വെള്ളം കെട്ടിനിർത്തിയപ്പോഴാണ് ടാങ്ക് ചോർന്നൊലിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. നിലവിലുണ്ടായിരുന്ന ടാങ്ക് പൊളിച്ച് മാറ്റിയാണ് 20,000 ലിറ്റർ വെള്ളം കൊള്ളുന്ന പുതിയ ടാങ്ക് നിർമിച്ചത്.
ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ സ്ഥലത്തെ കോളനിയാണ് പള്ളിമുകൾ കോളനി. വേനൽ ശക്തമാകുന്നതോടെ ഈ പ്രദേശത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. ഇവിടെ പട്ടികജാതി കോർപറേഷൻ ഒരു കോടി മുടക്കി നടത്തുന്ന വിവിധ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
കെല്ലിനാണ് നിർമാണച്ചുമതല. നിർമാണത്തിലെ അപാകതയെത്തുടർന്ന് പ്രതിഷേധം ശക്തമായതോടെ എംഎൽഎ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി നിർമാണം നിർത്തിവയ്ക്കാനും ഫൗണ്ടേഷൻ ഒഴികെ ബാക്കിയുള്ളഭാഗം പൊളിച്ച് മാറ്റാനും ആവശ്യപ്പെട്ടിട്ടുണ്ടന്നു നാട്ടുകാർ പറഞ്ഞു.
ഐരാപുരം കോളനിത്താഴം കുളത്തിൽ നിന്നാണ് ഇങ്ങോട്ട് വെള്ളം എത്തിക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ വേനൽ കടുത്താൽ കുളത്തിൽ വെള്ളം ഉണ്ടാകാറില്ല. അതിനാൽ പുതുതായി നിർമിക്കുന്ന ടാങ്കിനെ പൊയ്യക്കുന്നം കുടിവെള്ള പദ്ധതിയുമായി ബന്ധിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.