മുളങ്കുന്നത്തുകാവ്/ചിറ്റൂർ: മദ്യപിച്ചത്തിയ ഗൃഹനാഥൻ ഭാര്യയെ മർദ്ദിച്ചതിനു ശേഷം മൂന്നുവയസുകാരനായ മകനെ വലിച്ചറിഞ്ഞ സംഭവത്തിൽ മകന്റെ നില ഗുരുതരം. ഗുരുതരമായി പരിക്കേറ്റ മകളെയും കൈഞരന്പ് മുറിച്ച നിലയിൽ അച്ഛനേയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട് ചിറ്റൂർ അന്പാട്ടുപാളയം സ്വദേശി കറുകമണി സത്യപാലൻ (37) ആണ് ഭാര്യ ജയപ്രദ, മകൻ സനിജത്ത്(4) എന്നിവരെ ആക്രമിച്ചത്. കുടുംബവഴക്കിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സത്യപാലൻ ഭാര്യയെ മർദ്ദിച്ചത്. മർദ്ദനമേറ്റ് കണ്ണിനു ഗുരുതരമായി പരിക്കേറ്റ അമ്മയെ രക്ഷിക്കാൻ മകൻ എത്തിയപ്പോഴാണ് സത്യപാലൻ കുട്ടിയെ എടുത്തെറിഞ്ഞത്.
തുടർന്ന് ഇയാൾ കൈഞരന്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇയാളുടെ ഒരു കൈവിരൽ നഷ്ടമായി. മകൻ ഗുരുതരാവസ്ഥയിൽ ന്യൂറോ സർജറി ഐസിയുവിലാണ്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം പാലക്കാട് ജില്ല ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം. മാനസിക അസ്വാസ്ഥ്യമുള്ള വ്യക്തിയാണ് സത്യപാലനെന്ന് ചിറ്റൂർ പോലീസ് പറഞ്ഞു.