പത്തനാപുരം : കല്ലട ഇറിഗേഷൻ പ്രോജക്ടിലെ സബ് കനാലുകളുടെ ശുചീകരണം ആരംഭിച്ചില്ല. ഡിസംബർ 31നു മുമ്പ് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് അധികൃതരുടെ നിർദ്ദേശം പാലിക്കപ്പെട്ടില്ല.പത്തനാപുരം കുന്നിക്കോട് മേഖലകളിൽ കിലോമീറ്ററുകൾ പ്രദേശത്തെ സബ് കനാലുകള്‍ ശുചീകരണം നടത്താത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
തെന്മല ഡാമില്‍ നിന്നും ആരംഭിക്കുന്ന കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായുള്ള രണ്ട് കനാലുകളില്‍ വലതുകര കനാലാണ് കിഴക്കന്‍ മേഖലയിലൂടെ കടന്നുപോകുന്നത്.ഇതില്നിന്നുമാരംഭിക്കുന്ന നിരവധി സബ്കനാലുകള്‍ വഴിയാണ് ഗ്രാമീണ മേഖലകളില്‍ ജലമെത്തുന്നത്.
ജനുവരി ആദ്യവാരം കനാലുകളിലൂടെ ജലവിതരണം ആരംഭിക്കാനാണ് നിലവില്‍ വകുപ്പിന്റെ തീരുമാനം.വര്‍ഷങ്ങളായി തൊഴിലുറപ്പ് തൊഴിലാളികളാണ് കനാലുകളിലെ കാടുകള്‍ നീക്കം ചെയ്ത് ശുചീകരണം നടത്തുന്നത്.ഇത്തവണ പലയിടങ്ങളിലും ശുചീകരണം ആരംഭിച്ചിട്ട് പോലുമില്ല.കാര്‍ഷികാവശ്യങ്ങള്‍ക്ക് പുറമേ നിരവധിയാളുകള്‍ വരള്‍ച്ചാ സമയങ്ങളില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കു പോലും ഈ ജലം ഉപയോഗിക്കുന്നുണ്ട്.
കിഴക്കന്‍ മേഖലയിലെ കൃഷിയിടങ്ങളില്‍ വേനല്‍കാലത്ത് ജലമെത്തുന്നത് സബ്കനാലുകള്‍ വഴിയാണ്.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നവംബര്‍,ഡിസംബര്‍ മാസങ്ങളില്‍ കനത്ത ചൂട് കാരണം കാര്‍ഷികവിളകള്‍ നശിച്ചു തുടങ്ങിയിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് അടിയന്തിരമായി സബ്കനാലുകള്‍ ശുചീകരിക്കാന്‍ കെഐ.പി നിര്‍ദ്ദേശം നല്‍കിയത്.
ജനുവരി ആദ്യവാരത്തോടെ തന്നെ വേനല്‍ കടുത്തതിനാല്‍ ജലാശയങ്ങളെല്ലാം വറ്റും.കിഴക്കന്‍ മേഖലയിലെ കര്‍ഷകര്‍ക്ക് വേനല്‍ക്കാലത്ത് കെ.ഐ.പി കനാല്‍ വഴിയുള്ള ജലസേചനമാണ് ആശ്വാസം.