ജെസ്ന തിരോധാനക്കേസില്‍ മുക്കൂട്ടുതറ, എരുമേലി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ക്രൈം ബ്രാഞ്ച് വിശദമായ അന്വേഷണം തുടങ്ങി. മാര്‍ച്ച് 22ന് വീട്ടില്‍നിന്നിറങ്ങിയ ജെസ്ന എരുമേലിയിലെത്തിയശേഷം പോയതെങ്ങോട്ട് എന്നതില്‍ തീര്ച്ചയുണ്ടായിട്ടു മതി അടുത്ത ഘട്ടം അന്വേഷണമെന്നാണ് തീരുമാനം. മുന്‍പ് ധരിച്ചതുപോലെ മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ രാവിലെ 10.40ന് ജെസ്ന എത്തിയിട്ടില്ലെന്നും അതിനു മുന്‍പാണ് നിര്‍ണായകമായ സംഭവങ്ങള്‍ നടന്നതെന്നും പോലീസ് സംശയിക്കുന്നു.
എരുമേലിയില്‍നിന്നു കണ്ണിമല, പുഞ്ചവയല്‍ എന്നിവിടങ്ങളില്‍ അന്നേ ദിവസം ജെസ്ന എത്തിയിട്ടുണ്ടോ എന്നതിലും സ്ഥിരീകരണം ഉണ്ടാക്കിയശേഷം മതി അടുത്ത ഘട്ടം അന്വേഷണം എന്നാണ് തീരുമാനം. മുക്കൂട്ടുതറ മുതല്‍ ജെസ്നയെ ആരെങ്കിലും പിന്തുടര്ന്നിട്ടുണ്ടാകും എന്ന സൂചനയില്‍ ബന്ധുക്കള്‍, നാട്ടുകാര്‍, അയല്‍ക്കാര്‍ എന്നിവരില്‍നിന്ന് ഒരിക്കല്‍ക്കൂടി മൊഴിയെടുക്കും.
കാണാതായ ദിവസം രാവിലെ ജെസ്നയെ കണ്ടതായി പറയുന്ന മുക്കൂട്ടുതറയിലെ ഓട്ടോ ഡ്രൈവര്‍, ബസില്‍ കണ്ടതായി പറയുന്ന പഴയ സ്കൂള്‍ സഹപാഠി എന്നിവരില്‍നിന്ന് പോലീസ് കഴിഞ്ഞ ദിവസം വിശദീകരണം തേടി. കേസില്‍ പറയുന്നതുപോലെ ജെസ്ന വീട്ടില്‍നിന്നു പുറപ്പെട്ടിരുന്നോ, അങ്ങനെയെങ്കില്‍ എരുമേലിക്കുശേഷം എവിടേക്ക്, ആര്‍ക്കൊപ്പം പോയി എന്നതാണ് അന്വേഷണ തലം.
ജെസ്നയുടെ മുക്കൂട്ടുതറയിലെ വീട്ടില്‍ മാര്‍ച്ച് മാസത്തില്‍ വന്നുപോയ ബന്ധുക്കള്‍, സന്ദര്‍ശകര്‍ എന്നിവരും അന്വേഷണ പരിധിയിലുണ്ട്. ഇതിനൊപ്പം അടുത്ത ബന്ധുക്കളുടെ ഫോണ്‍കോളുകള്‍ ഒരിക്കല്‍ക്കൂടി ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന ജെസ്ന മരിയ ജയിംസിന്റെ ഏതാനും സഹപാഠികളില്‍നിന്നും സംശയാസ്പദമായ സാധ്യതകള്‍ സംബന്ധിച്ച് പോലീസ് വിശദീകരണം തേടിയിരുന്നു.
നാടു വിട്ടുപോകാനുള്ള ഒരു സാധ്യതയും സാഹചര്യവും ജെസ്നയ്ക്കില്ലെന്നാണ് ഇവര്‍ മൊഴിനല്‍കിയത്. ഈ സാഹചര്യത്തിലാണ് മുക്കൂട്ടുതറയും എരുമേലിയും കേന്ദ്രീകരിച്ച് ചില സാധ്യതകള്‍ ആരായുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഉടന്‍ തന്നെ വഴിത്തിരിവുണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ.