കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായി ഹർത്താൽ നടത്തുന്നതിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹർത്താൽ അതീവ ഗുരുതര പ്രശ്നമാണെന്നും ഒരു വർഷം 97 ഹർത്താൽ നടന്നെന്നത് അവിശ്വസനീയമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആൻഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ബിജു രമേശ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം. ഹർത്താൽ സംസ്ഥാനത്തിന് വലിയ സാന്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇക്കാര്യത്തിൽ സുപ്രീം കോടതി ഇടപെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഹർത്താലുകൾക്കെതിരേ സർക്കാർ എന്തു നടപടിയാണ് എടുത്തതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹർത്താലിൽ വ്യാപാരികൾക്ക് സംരക്ഷണം നൽകാൻ സർക്കാർ തയാറാണോയെന്നും ഹൈക്കോടതി ചോദിച്ചു. ഇതിനു മറുപടിയായി വ്യാപാരികൾക്ക് സംരക്ഷണം നൽകാൻ തയാറാണെന്ന് സർക്കാർ അറിയിക്കുകയും ചെയ്തു.
നഗരങ്ങളേക്കാൾ കൂടുതൽ ഗ്രാമങ്ങളെയാണ് ഹർത്താൽ ബാധിക്കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹർത്താൽ പ്രഖ്യാപിക്കുന്നവർ ഏഴു ദിവസം മുന്‍പ് ഔദ്യോഗികമായി അറിയിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിയമനിർമാണം സർക്കാരിനു കൊണ്ടുവരാൻ സാധിക്കില്ലേയെന്നും ഹൈക്കോടതി ചോദിച്ചു.