തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി തണുപ്പില്‍ കേരളം കിടുകിടാ വിറയ്ക്കുകയാണ്. ഏറെക്കാലത്തിനു ശേഷമാണ് ജനുവരിയില്‍ ഇത്രയധികം തണുപ്പ് അനുഭവപ്പെടുന്നത്. ഇതേത്തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങളും കൊണ്ടുപിടിച്ചു നടക്കുന്നുണ്ട്. കൊടിയ വരള്‍ച്ച വരുന്നതിനു മുന്നോടിയാണെന്ന തരത്തിലുള്ള പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ അങ്ങോളമിങ്ങോളം പ്രചരിക്കുന്നത്. എന്നാല്‍ ഇത്തരം പ്രചരണങ്ങളെത്തള്ളി ഇപ്പോള്‍ കാലാവസ്ഥാ കേന്ദ്രം രംഗത്തെത്തിയിരിക്കുകയാണ്.
നാലു ദിവസം കൂടി മാത്രമേ അസ്വാഭാവികമായ തണുപ്പുണ്ടാകൂ. ഇന്ത്യ മുഴുവന്‍ അനുഭവപ്പെടുന്ന ശൈത്യത്തിന്റെ ഭാഗമാണിത്. എന്നാല്‍ പതിവില്‍ നിന്നു വിപരീതമായി കുറഞ്ഞ താപനില ശരാശരിയില്‍ നിന്നു രണ്ടു ഡിഗ്രി സെല്‍ഷ്യസാണു കുറഞ്ഞിരിക്കുന്നത്. കോട്ടയം ജില്ലയിലൊഴികെ മറ്റൊരിടത്തും റെക്കോര്‍ഡ് കുറവ് രേഖപ്പെടുത്തിയിട്ടില്ല. താപനില ശരാശരിയില്‍ ഇന്നലെ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് പുനലൂരിലും കൊച്ചി വിമാനത്താവളത്തിലുമാണ്. 16.5 ഡിഗ്രി സെല്‍ഷ്യസ്.
എന്നാല്‍ പുനലൂരില്‍ കുറഞ്ഞ താപനിലയുമായി ബന്ധപ്പെട്ട റെക്കോര്‍ഡ് 12.9 ഡിഗ്രിയാണെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ.സന്തോഷ് അറിയിച്ചു. ഉത്തരധ്രുവത്തില്‍ നിന്നുള്ള ശൈത്യതരംഗം ഇന്ത്യ ഉള്‍പ്പടെയുള്ള മേഖലയിലേക്കു കടന്നതാണു രാജ്യവ്യാപകമായി തണുപ്പു കൂടാനിടയാക്കിയത്. ഈര്‍പ്പം കുറഞ്ഞതുമൂലം ഉച്ചസമയത്തു കടുത്ത ചൂടും അനുഭവപ്പെടുന്നുണ്ട്. എന്നിരുന്നാലും അപ്രതീക്ഷിതമായി ഉണ്ടായ തണുപ്പ് പല ആളുകളെയും ഭയപ്പെടുത്തിയിട്ടുണ്ടെന്നതാണ് വാസ്തവം.