പയ്യന്നൂര്‍(കണ്ണൂർ):ഏഴിമല പരത്തിക്കാട് ശ്രീവിദ്യാശ്രമത്തിലെ സ്വാമി ഗോപാല്‍ജിയെ കൊന്നതാണെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് പോലീസ് ക്രിയാത്മക അന്വേഷണം നടത്തിയില്ലെന്ന പരാതിയില്‍ ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോ അന്വേഷണമാരംഭിച്ചു. കോറോം മുതിയലത്തെ കെ.പി.മുരളീധരന് സംസ്ഥാന മുഖ്യമന്ത്രിക്ക് അയച്ച പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്.
ഗോപാല്‍ജിയെ കൊന്നതാണെന്ന വെളിപ്പെടുത്തല്‍ നടത്തിയയാളുടെ മൊഴികളില്‍ പലതും രേഖപ്പെടുത്തിയില്ലെന്നും കേസന്വേഷണം പോലീസ് അട്ടിമറിക്കുന്നതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടണമെന്നുമായിരുന്നു മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലുള്ളത്.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയാണ് പരാതിയുടെ നിജസ്ഥിതിയറിയാനായി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോയെ അന്വേഷണത്തിനായി നിയോഗിച്ചത്.ഇതേ തുടര്‍ന്ന് അന്വേഷകസംഘം പരാതിക്കാരനില്‍നിന്നും വെളിപ്പെടുത്തല്‍ നടത്തിയയാളിൽ നിന്നും മൊഴിയെടുത്തു.
പഴയങ്ങാടി വെങ്ങര സ്വദേശിയായ തൂണോളി ഹൗസിലെ ഗോപാലന് എന്ന സ്വാമി ഗോപാല്‍ജിയെ 2003 നവംബറിലാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നത്. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ മികച്ച ആദ്ധ്യാത്മിക പ്രഭാഷകനായിരുന്നു സ്വാമി ഗോപാല്‍ജി. പോലീസിന്റെ അന്വേഷണം എങ്ങുമെത്താത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് ഉത്തരേന്ത്യയിലുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ അന്വേഷിച്ചിട്ടും ഗോപാല്‍ജിയെ കണ്ടെത്താനായില്ല.