അയ്യന്തോൾ: കൃഷിയിറക്കിയ പാടശേഖരത്തിലേക്ക് മാലിന്യം തള്ളുന്നത് കൃഷിനാശത്തിന് കാരണമാകുന്നു. തൃശൂർ-ഗുരുവായൂർ റോഡിൽ പുഴയ്ക്കൽ പാടത്ത് എംഎൽഎ റോഡിലാണ് കൃഷിയിറക്കിയ പാടശേഖരത്തിലേക്ക് മാലിന്യം തള്ളുന്നത് പതിവായിരിക്കുന്നത്. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി വീടുകളിൽ നിന്നും അറവുശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ ഇവിടെ കൊണ്ടുവന്നു തള്ളുന്നുണ്ട്.
വിളഞ്ഞുനിൽക്കുന്ന പാടശേഖരത്തിലേക്കും നീർ ചാലുകളിലേക്കും തള്ളുന്ന മാലിന്യങ്ങൾ നീരൊഴുക്ക് തടസപ്പെടുത്തുകയും മാലിന്യം ചീഞ്ഞളിഞ്ഞ് പുഴുക്കളും മറ്റും രൂപപ്പെട്ട് കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നതിനും കാരണമാകുന്നുണ്ട്. മാലിന്യക്കൂന്പാരം ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്നത് ഇതുവഴിയുള്ള കാൽനട യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
പ്രഭാതസവാരിക്ക് എംഎൽഎ റോഡ് വഴി നടക്കാനിറങ്ങുന്ന നിരവധി പേർ ഇപ്പോൾ ദുർഗന്ധം മൂലം വഴിമാറി നടക്കുകയാണ്. പുലർച്ചെക്ക് മുൻപും അർധരാത്രിയുമാണ് ഇരുട്ടിന്റെ മറവിൽ ഇവിടെ മാലിന്യം തള്ളുന്നത്. അധികൃതരോട് നിരവധിതവണ പരാതി പറഞ്ഞെങ്കിലും മാലിന്യം തള്ളുന്നവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
സിസി ടിവി ക്യാമറ സ്ഥാപിച്ചും നൈറ്റ് പട്രോളിംഗ് കൂടുതൽ കർശനമാക്കിയും മാലിന്യം തള്ളുന്നവരെ പിടികൂടണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. കോഴിവേസ്റ്റും അറവുശാല മാലിന്യങ്ങളും തിന്നാനെത്തുന്ന തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമായിട്ടുണ്ട്. പാടശേഖരത്തിന് പുറമേ ഈ പ്രദേശത്തുകൂടി ഒഴുകുന്ന തോട്ടിലേക്കും മാലിന്യം തള്ളുന്നുണ്ട്.