ചിറ്റൂർ: അന്പാട്ടുപാളയം നായാടി കോളനിയിൽ സത്യപാലന്റെ രണ്ടാമത്തെ മകൾ സുജിത രക്ഷപ്പെട്ടത് ഭാഗ്യം തുണച്ചതുകൊണ്ടുമാത്രം. അമ്മയേയും സഹോദരനേയും ക്രൂരമായി മർദിക്കുന്നത് കണ്ട സുജിത വീടിനു പുറകുവശത്തേക്ക് ഓടി ഒളിച്ചിരുന്നതുകൊണ്ടാണ് രക്ഷപ്പെട്ടത്. ജില്ലയിൽ നടന്ന രണ്ടാമത്തെ ക്രൂരമായ കൊലപാതകമാണ് ഇതോടെ ജനം തിരിച്ചറിഞ്ഞത്.
അസ്വഭാവികമായ രീതിയിൽ വെള്ളിയാഴ്ച നായാടി കോളനിവീട്ടിലെത്തിയ സത്യപാലൻ ആദ്യം ഭാര്യ ജയപ്രഭയെ വകവരുത്തുന്ന തരത്തിലാണ് ആക്രമണം ആരംഭിച്ചത്. മർദനമേറ്റ് രക്തമൊഴുകി. ഇതിനിടെയാണ് മൂന്നുവയസുള്ള മകനും മർദനമേറ്റത്.
പിതാവ് പൊക്കിയെടുത്ത് നിലത്തടിച്ചാണ് കുട്ടിയ്ക്ക് മാരകമായി പരിക്കേറ്റതും ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചതും. നാലുമാസം മുന്പാണ് ചിറ്റൂർ താലൂക്ക് ആശുപത്രിക്ക് 300 മീറ്റർ മാറി അലക്കുകാരനായ മാണിക്കൻ ഭാര്യയേയും രണ്ടു മക്കളേയും രാത്രി ഉറക്കത്തിൽ വിളിച്ചുണർത്തി മൃഗീയമായി കൊലപ്പെടുത്തിയത്.
ഇതിനുശേഷമാണ് സമാനമായ കൊലപാതകശ്രമം കഴിഞ്ഞദിവസവും നടന്നത്. സത്യപാലൻ മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിനു സമീപം പാഴ്ചെടികൾക്ക് തീകൊളുത്തി സ്വയംചിതയൊരുക്കി ചാടിമരിക്കുകയായിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ വൈകുന്നേരത്തോടെ അന്പാട്ടുപാളയത്തെത്തിച്ച സത്യപാലന്റെയും മകന്റെയും മൃതദേഹങ്ങൾ ചിറ്റൂർപുഴപ്പാലം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.