കൊല്ലം: കൊല്ലം ബൈപാസിന്റെ ഉദ്ഘാടനം ആര് എന്ന് നിർവഹിക്കും എന്ന കാര്യത്തിലുള്ള ആശങ്കകൾക്കും പ്രചാരണത്തിനും വിരാമമാകുന്നു. 15ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ബൈപാസ് റോഡിന്റെ ഉദ്ഘാടനം നിർവഹിക്കും എന്നാണ് ഒടുവിലത്തെ വിവരം. എന്നാലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.അതേസമയം ഈ ബൈപാസിന്റെ ഉദ്ഘാടനം ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി ജി.സുധാകരൻ നേരത്തേ വ്യക്തമാക്കിയിരുന്നു.
റോഡിന്റെ നിർമാണം പൂർത്തിയായെങ്കിലും തെരുവ് വിളക്കുകൾ കൂടി സ്ഥാപിച്ചിട്ട് ഉദ്ഘാടനം നടത്താനായിരുന്നു സംസ്ഥാന സർക്കാരിന്റെ ശ്രമം.സംസ്ഥാന സർക്കാരിന്റെ ഈ നീക്കം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ ഉദ്ഘാടനം നീട്ടിക്കൊണ്ടുപോകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത് എന്ന ആരോപണം എൻ.കെ.പ്രേമചന്ദ്രൻ എംപി അടക്കമുള്ളവർ ഉന്നയിക്കുകയുണ്ടായി.
ഈ നീക്കത്തിന് തടയിടുന്നതിന്റെ ഭാഗമായി ജനകീയ ഉദ്ഘാടനം ഉടൻ നത്തുമെന്ന പ്രഖ്യാപനം വരെ യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായി.എന്നാൽ ഇരുകൂട്ടരെയും ഞെട്ടിച്ചുകൊണ്ടാണ് 15ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന പ്രഖ്യാപനം പുറത്തുവന്നത്. ഇത് ബിജെപിയെ സംബന്ധിച്ചിടത്തോളം പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിന്റെ തുറുപ്പ് ചീട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇപ്പോൾ ലഭ്യമാകുന്ന വിവരം അനുസരിച്ച് 15ന് ഉച്ചകഴിഞ്ഞായിരിക്കും ബൈപാസിന്റെ ഉദ്ഘാടനം നടക്കുക. ഉദ്ഘാടന വേദി സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല. വൈകുന്നേരം കന്റോൺമെന്റ് മൈതാനത്ത് ബിജെപി പ്രവർത്തകരുടെ റാലിയെ നരേന്ദ്രമോഡി അഭിസംബോധന ചെയ്യും. അതേസമയം പ്രധാനമന്ത്രിയുടെ കൊല്ലം സന്ദർശനം സംബന്ധിച്ച് കൊല്ലത്തെ പോലീസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് ഇതുവരെയും ഒരു സൂചനകളും ലഭിച്ചിട്ടില്ല.
കൊല്ലം ബൈപാസ് റോഡ് യാഥാർഥ്യമാകുന്പോൾ കൊല്ലത്തിന്റെ ചിരകാല സ്വപ്നമാണ് പൂവണിയുന്നത്. നഗരഹൃദയമായ ചിന്നക്കട വഴിയുള്ള ദുരിതയാത്ര ബൈപാസ് വരുന്നതോടെ ഒഴിവാക്കാനാകും എന്നതാണ് ഏറ്റവും വലിയ സവിശേഷത. ദീർഘദൂര യാത്രികർക്ക് കൊല്ലം നഗരത്തിൽ പ്രവേശിക്കാതെ തന്ന സുഗമമായ യാത്ര നടത്താനുമാകും.
തിരുവനന്തപുരം ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾക്ക് കൊല്ലം ടൗണിൽ പ്രവേശിക്കാതെ മേവറം വഴി ബൈപാസ് റോഡിലൂടെ നീണ്ടകര പാലത്തിന് അടുത്ത് എത്താൻ സാധിക്കും.
ഗതാഗത കുരുക്കുകൾ ഇല്ലാതെ തന്നെ അഷ്ടമുടിക്കായലിന്റേതടക്കം പ്രകൃതി ഭംഗി ആസ്വദിച്ചുള്ള യാത്ര നവ്യാനുഭവമായിരിക്കും പകരുക.കൊല്ലം ടൗണിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ 1971-ൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ആയിരിക്കെയാണ കൊല്ലം ബൈപാസ് എന്ന ആശയം ഉണ്ടായത്. ഓലയിൽ, തേവള്ളി, വെള്ളയിട്ടന്പലം വഴി ബൈപാസ് എന്ന ആശയമാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ മുന്നോട്ടുവച്ചത്.
എന്നാൽ മന്ത്രി ടി.കെ.ദിവാകരന്റെ പ്രത്യേക ആഗ്രഹപ്രകാരം മേവറം, കല്ലുംതാഴം, കടവൂർ, കാവനാട് വഴി നീണ്ടകര എന്ന ആശയം അംഗീകരിക്കുകയായിരുന്നു. മേവറം മുതൽ കല്ലുംതാഴം വരെയുള്ള റോഡിന്റെ ദൈർഘ്യം 4.55 കിലോമീറ്ററാണ്. ഇതിന്റെ നിർമാണം പൂർത്തിയാക്കി 2000-ൽ ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. ഇന്ന് ആയിരക്കണക്കിന് ആൾക്കാരാണ് ഈ റോഡിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്. പിന്നീട് റോഡ് പണിയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല എന്നത് വസ്തുതയാണ്.
1972 ഫെബ്രുവരിയിലാണ് കാവനാട് ആൽത്തറമൂട്ടിൽ നാലുവരി പാതകളുള്ള കൊല്ലം ബൈപാസിന് ശിലാസ്ഥാപനം നടത്തിയത്.1993-ലാണ് മേവറത്ത് രണ്ടുവരിയിൽ ബൈപാസ് നിർമാണം ആരംഭിച്ചത്. അയത്തിൽ വരെയുള്ള മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമാണത്തിന് 3.75 കോടി രൂപ ചെലവായി. റോഡ് നിർമാണത്തിന് മൂന്നുവർഷം വേണ്ടിവന്നു.
അയത്തിൽ-കല്ലുംതാഴം റോഡ് നിർമാണം ആരംഭിച്ചത് 1998-ൽ ആണ്. രണ്ടുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയായി. ഇതിന്റെ നിർമാണ ചെലവ് 2.75 കോടി രൂപയായിരുന്നു. തുടർന്ന് നിലച്ചുപോയ നിർമാണം പുനരാരംഭിച്ചത് 2015ലാണ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഇതാണ് പുതുവർഷത്തിൽ പൂർത്തീകരിച്ചിരിക്കുന്നത്. ഡിസംബർ 22നാണ് ടാറിംഗ് പൂർത്തിയായത്.ഉദ്ഘാടനം നടന്നുകഴിഞ്ഞാൽ റോഡ് ദേശീയപാത അതോറിറ്റിക്ക് കൈമാറും.