പുൽപ്പള്ളി: ഒന്നാം സമ്മാനം കിട്ടിയ ലോട്ടറി ടിക്കറ്റ് ഏജന്റ് തട്ടിയെടുത്തെന്ന കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരനും കുടുംബവും സത്യാഗ്രഹ സമരം തുടങ്ങി. അമരക്കുനി സ്വദേശിയായ കണ്ണംകുളത്തു വിശ്വംഭരനും കുടുംബവുമാണ് സമരം തുടങ്ങിയത്.
പരാതി നൽകിയിട്ടും പുൽപ്പള്ളി പോലീസിന്റെ ഭാഗത്ത് നിന്ന് നീതി കിട്ടിയില്ലെന്നും കേസ് ഒതുക്കിത്തീർക്കാൻ പോലീസ് ശ്രമിച്ചെന്നും ഇവർ ആരോപിക്കുന്നു. ഓഗസ്റ്റ് 30ന് താൻ എടുത്ത കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചെന്നാണ് വിശ്വംഭരൻ അവകാശപ്പെടുന്നത്.
എന്നാൽ ബന്ധുവും പുൽപ്പള്ളിയിലെ ശ്രീവിനായക ലോട്ടറി ഏജൻസി ഉടമസ്ഥനുമായ നിഷാദ് ലോട്ടറി തന്റെ കയ്യിൽ നിന്ന് തട്ടിയെടുത്തെന്നാണ് വിശ്വംഭരൻ പറയുന്നത്. ലോട്ടറി ടിക്കറ്റ് തിരുവനന്തപുരത്ത് ഹാജരാക്കിയിരിക്കുന്ന മുള്ളൻകൊല്ലി സ്വദേശി നിഷാദിന്റെ ബിനാമിയാണെന്നും വിശ്വംഭരൻ ആരോപിക്കുന്നു.കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിച്ച് തനിക്ക് നീതി ലഭിക്കണമെന്നാണ് വിശ്വംഭരൻ ആവശ്യപ്പെടുന്നത്.