തലശേരി: തലശേരിയിൽ നിരോധനാജ്ഞ ഇന്നവസാനിക്കുമെങ്കിലും കനത്ത പോലീസ് സുരക്ഷ തുടരും. സിപിഎം നേതാവിന്റെ വീടാക്രമിച്ച കേസിൽ ഒരു ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. തലശേരിയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് രാത്രി പന്ത്രണ്ടോടെ അവസാനിക്കും.
അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നതൊഴിവാക്കാൻ പോലീസ് അതീവ ജാഗ്രതയിലാണ്.പുതുതായി ചുമതലയേറ്റ എഎസ്പി അരവിന്ദ് സുകുമാറാണ് സുരക്ഷാ സംവിധാനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എംപിയും എംഎൽഎയുമുൾപ്പെടെയുള്ള സിപിഎം, ബിജെപി നേതാക്കളുടെ വീടുകൾ ആക്രമിച്ചതും സംസ്ഥാന ആഭ്യന്തര വകുപ്പും പ്രത്യേക താൽപര്യത്തോടെ കൈകാര്യം ചെയ്യുന്നത്.
നേതാക്കളുടെ വീടാക്രമിച്ച കേസിലെ പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന നിർദേശമാണ് തലശേരി പോലീസിന് ലഭിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ മിർ മുഹമ്മദലി, ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം എന്നിവർ തലശേരിയിൽ മണിക്കൂറുകളോളം ക്യാമ്പ് ചെയ്താണ് കാര്യങ്ങൾ നിയന്ത്രിച്ചത്.
അതിനിടെ സി പി എം നേതാവ് വാഴയിൽ ശശിയുടെ വീടാക്രമിച്ച കേസിൽ ഒരു ബിജെപി പ്രവർത്തകൻ അറസ്റ്റിലായി. തലശേരി ടെമ്പിൾ ഗേറ്റിലെ പൂഴിയിൽ ആശ്രിത് (24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ബിജെ പി നേതാവ് വി.മുരളീധരൻ എംപിയുടെ വീടാക്രമിച്ച കേസിൽ ഒരു സി പി എം പ്രവർത്തകൻ അറസ്റ്റിലായിരുന്നു. അക്രമസംഭവങ്ങളിലെ പ്രതികൾക്കായി പോലീസ് റെയ്ഡ് തുടരുകയാണ്.