നെടുമങ്ങാട്: പോലീസ് സ്റ്റേഷന് നേരെ ബോബെറിഞ്ഞ ആർഎസ്എസ് ജില്ലാ പ്രചാരക് പ്രവീണിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രവീണിനെ പിടികൂടാനായി പോലീസ് ഉടൻ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ഡിജിപി കൈക്കൊള്ളുമെന്നാണ് അറിയുന്നത്.
പ്രവീണിനെ പോലീസ് സ്റ്റേഷന് മുന്നിൽ എത്തിച്ചതിൽ പങ്കുള്ളതായി പോലീസ് സംശയിക്കുന്ന സഹോദരൻ വിഷ്ണുവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇതിനിടെ ബോംബേറ് കേസിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ മേലാംകോട് ദീപ ഭവനിൽ നിഷാന്ത് (30) ആണ് അറസ്റ്റിലായത്.
ബിജെപി പ്രവർത്തകരുടെ ആക്രമണങ്ങളിൽ പ്രതിഷേധിച്ചു സിപിഎം ഇന്ന് കാൽനട പ്രചാരണ ജാഥകൾ സംഘടിപ്പിചിട്ടുണ്ട്. അതേസമയം പോലീസ് നടപടി ഏകപക്ഷീയമാണെന്ന് ബിജെപി ആരോപിച്ചു. തങ്ങളുടെ പാർട്ടി ഓഫീസ് തകർത്ത കേസിലും ബിജെപി കൗസിലർമാരുടെ വീട് തകർത്ത സംഭവത്തിലും ഒരു പ്രതിയെപ്പോലും പിടികൂടാത്തതു രാഷ്ട്രീയ സമ്മർദം കൊണ്ടാണെന്നാണ് ബിജെപിയുടെ ആരോപണം.
ഹര്‍ത്താല്‍ ദിനം മുതല്‍ മൂന്നു ദിവസം നെടുമങ്ങാട്ട് തുടര്‍ച്ചയായി നീണ്ട അക്രമ പരമ്പരകളില്‍ ഇതുവരെ 48 പേര് അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ പ്രമുഖ നേതാക്കന്മാരും ഉള്‍പ്പെടും. കൂടുതല്‍ പ്രതികള്‍ കസ്റ്റഡിയിലുണ്ടെന്ന് സൂചന.
നെടുമങ്ങാട്, വലിയമല പോലീസ് സ്റ്റേഷനുകളില്‍ നിലനിന്ന നിരോധനാജ്ഞ ഞായറാഴ്ച അവസാനിച്ചു. നിലവിലെ ക്രമസമാധാനപ്രശ്നം പരിഗണിച്ച് നിരോധനാജ്ഞ മൂന്നു ദിവസത്തേയ്ക്കു കൂടി നീട്ടാനും ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്.
നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേയ്ക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാള്‍ ആര്‍എസ്എസ് ജില്ലാ പ്രചാരക് നൂറനാട് സ്വദേശി പ്രവീണ്‍ ആണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ ഉച്ചയ്ക്ക് രണ്ടിന് ബിജെപി, സിപിഎം സംഘര്‍ഷം നടക്കുന്നതിനിടെയാണ് സ്റ്റേഷനു മുന്നിലേയ്ക്ക് രണ്ടു തവണ ബോംബെറിഞ്ഞത്.