വണ്ണപ്പുറം: കുത്തിറക്കത്തിൽ കെ എസ്ആർടിസി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഡ്രൈവർ വാഹനം മണ്‍തിട്ടയിൽ ഇടിപ്പിച്ചു നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. കട്ടപ്പനയിൽ നിന്ന് ഇന്നലെ പുലർച്ചെ 4.30ന് ആനക്കട്ടിയിലേക്ക് പോയ കെ എസ്ആർടിസി ബസാണ് തൊടുപുഴ -വണ്ണപ്പുറം റൂട്ടിൽ കന്പകക്കാനം നാൽപ്പതേക്കറിൽ അപകടത്തിൽപ്പെട്ടത്.
രാവിലെ 7.30ഓടെയായിരുന്നു സംഭവം. 103 യാത്രക്കാർ വാഹനത്തിൽ ഉണ്ടായിരുന്നു. ഇറക്കം ഇറങ്ങി വരുന്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടപ്പോഴാണ് തിട്ടയിൽ ഇടിപ്പിച്ചതെന്ന് ഡ്രൈവർ പി.വി. ജോണി പറഞ്ഞു.
സമീപത്തുള്ള വൈദ്യുതി പോസ്റ്റ് ഒഴിവാക്കി മണ്‍തിട്ടയിൽ ഇടിപ്പിച്ചു നിർത്തിയതുമൂലമാണ് ബസ് താഴ്ചയിലേക്ക് മറിയാതിരുന്നതെന്ന് യാത്രക്കാർ പറഞ്ഞു. വാഹനം പിന്നീട് തൊടുപുഴ ഡിപ്പോയിലേക്ക് മാറ്റി. കുത്തിറക്കവും കൊടും വളവുകളുമുള്ള ഇവിടെ വാഹനാപകടങ്ങൾ പതിവാണ്.