പാനൂർ: അക്രമക്കേസിലെ പ്രതികൾക്കായുള്ള തെരച്ചിലിനിടെ പാനൂരിനടുത്ത് കൊളവല്ലൂരിൽ ബോംബ് നിർമാണകേന്ദ്രവും ബോംബ് ശേഖരവും കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.ബോംബുകൾ കണ്ടെത്തിയതിനെ തുടർന്ന് തലശേരി മേഖലയിൽ വ്യാപക റെയ്ഡ് നടന്നു വരികയാണ്. 18 നാടൻ ബോംബുകളാണ് പിടിച്ചെടുത്തത്.
കൊളവല്ലൂർ എസ്ഐ ബി. രാജഗോപാലും സംഘവും ഇന്നലെ ഉച്ചയോടെ നടത്തിയ റെയ്ഡിലാണ് ചേരിക്കൽ ക്വാറി ഭാഗത്തുനിന്ന് ബോംബുകൾ കണ്ടെത്തിയത്. ഉഗ്രസ്ഫോടനശേഷിയുള്ള ബോംബുകൾ അടുത്തിടെ നിർമിച്ചതാണെന്നാണ് സൂചന. ബോംബ് നിർമാണകേന്ദ്രവും ഇവിടെ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ജനവാസം കുറഞ്ഞതും വാഹനസൗകര്യമില്ലാത്തതുമായ സ്ഥലമാണിത്.
അനധികൃത ക്വാറികൾ ഏറെയുള്ളതിനാൽ ഉഗ്രസ്ഫോടനശേഷിയുള്ള വെടിമരുന്നുൾപ്പെടെ ഇവിടെ സുലഭമാണെന്ന് ആക്ഷേപമുണ്ട്. ഹർത്താൽദിനത്തിൽ കൊളവല്ലൂരിൽ പോലീസ് ജീപ്പ് തകർത്ത കേസിലെ പ്രതികൾക്കായി നടത്തിയ റെയ്ഡിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്.
പിടിച്ചെടുത്ത ബോംബുകൾ കൊളവല്ലൂർ സ്റ്റേഷനിലേക്ക് മാറ്റി. വിവരമറിഞ്ഞ് തലശേരി എഎസ്പി അരവിന്ദ് സുകുമാരൻ, പാനൂർ സിഐ വി.വി. ബെന്നി എന്നിവർ സ്ഥലത്തെത്തി. എഎസ്ഐ രാജൻ, ഡോഗ് സ്ക്വാഡ് എസ്ഐ ഫ്രാൻസിസ്, എ.കെ. ഗിരീഷ്, കെ.സുകേഷ്, പി.അഷ്റഫ്, സി.ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.