തിരുവനന്തപുരം: ജനജീവിതം നിശ്ചലമാക്കി സിഐടിയു, ഐഎൻടിയുസി എന്നിവ ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകളുടെ സംയുക്ത പണിമുടക്ക്. സംസ്ഥാനത്ത് പലയിടത്തും ട്രെയിനുകൾ തടഞ്ഞു.കെഎസ്ആർടിസി ബസുക്കൾ മിക്കതും നിരത്തിലിറങ്ങിയില്ല. തിരുവനന്തപുരം, ആലപ്പുഴ, തൃപ്പൂണിത്തുറ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ട്രെയിനുകൾ തടഞ്ഞത്. തിരുവനന്തപുരം ജില്ലയെ പണിമുടക്ക് പൂർണമായി നിശ്ചലമാക്കി. തലസ്ഥാന നഗരത്തിൽ കടകന്പോളങ്ങൾ പൂർണമായും അടഞ്ഞു കിടക്കുകയാണ്.
വേണാട്, രപ്തിസാഗര്‍, ജനശതാബ്ദി എക്സ്പ്രസുകളാണ് തടഞ്ഞത്. പലയിടത്തും ട്രെയിൻ ഗതാഗതം വൈകുകയാണ്. തിരുവനന്തപുരത്തേക്കുള്ള ചെന്നൈ മെയില്‍ തൃപ്പുണിത്തുറയില്‍ തടഞ്ഞു. വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനുകള്‍ മിക്കതും വൈകുന്നു.
സംസ്ഥാനത്ത് മിക്കയിടത്തും കെഎസ്ആർടിസി ബസുകൾ ഓടിയില്ല.
എറണാകുളത്ത് നിന്നും വയനാട് നിന്നുമുളള സര്‍വീസുകൾ മുടങ്ങി. പലയിടത്തും സ്വകാര്യ ബസുകളും പണിമുടക്കിൽ പങ്കെടുക്കുന്നത് യാത്രക്കാരെ വലച്ചിരിക്കുകയാണ്. റെയിൽവേസ്റ്റേഷനിലും എയർപോർട്ടിലുമെത്തുന്നവർ നാട്ടിലേക്കു പോകാനാകാതെ വിഷമിക്കുന്നു. അതേസമയം തിരുവനന്തപുരം-പന്പ കെഎസ്ആർടിസി സർവീസ് നടത്തി.
കൊച്ചി തുറമുഖത്തും ചേളാരി ഐഒസി പ്ലാന്റിലും ജീവനക്കാരെ സമരക്കാർ തടഞ്ഞു. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളെല്ലാം പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. അക്രമങ്ങൾ നടത്തുന്നവരെ കർശന നടപടി സ്വീകരിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകിയിട്ടുണ്ട്.
ശബരിമല തീർഥാടനം, ആശുപത്രികൾ, ടൂറിസം, പത്രം, പാൽ വിതരണം, എന്നീ മേഖലകളിലുള്ളവർ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് നേതാക്കൾ അറിയിച്ചു. കെഎസ്ആർടിസി ശബരിമല സർവീസുകൾ നടത്തുന്നുണ്ട്. നിലയ്ക്കലിൽ നിന്നും കോൺവോയ് ആയാണ് സർവീസ് നടത്തുന്നത്. സാർവത്രിക സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കുറഞ്ഞ വേതനം 18000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത പണിമുടക്ക്.