ചുവന്ന അക്കങ്ങളില്ലാത്ത ഒരു കലണ്ടര്‍ വാങ്ങണം, അഞ്ച് വയസുകാരിക്ക് അവധി കണ്ടെത്താന്‍ കഴിയാത്ത കലണ്ടര്‍! കലണ്ടറിലെ ചുവപ്പ് മാഞ്ഞുപോയ കുറച്ച് ജീവിതങ്ങളെക്കുറിച്ച് പോലീസുകാരന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

ഹര്‍ത്താലുകളുടെയും പണിമുടക്കുകളുടെയും സ്വന്തം നാടെന്നാണ് ഇപ്പോള്‍ കേരളം അറിയപ്പെടുന്നത് തന്നെ. വീട്ടിലിരിക്കാന്‍ കിട്ടുന്ന ഒരവസരവും വെറുതെ കളയാതെ ഉപയോഗിക്കാനാണ് ബഹുഭൂരിപക്ഷം ആളുകളും ശ്രമിക്കുന്നതും. അപ്രതീക്ഷിതമായി കിട്ടുന്ന ഇത്തരം അവധികള്‍ക്ക് പുറമേ ഔദ്യോഗിക അവധികള്‍ വേറെയും.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരൊറ്റ അവധി പോലും ഉപയോഗിക്കാന്‍ സാധിക്കാതെ വര്‍ഷത്തിലെ മുഴുവന്‍ ദിവസങ്ങളിലും ജോലി ചെയ്യേണ്ടി വരുന്ന ഏതാനും ആളുകളുടെ അവസ്ഥ പലര്‍ക്കും അന്യമാണ്. അക്കൂട്ടത്തില്‍ ഉള്‍പ്പെട്ട ഒരു വ്യക്തി തന്റെ രോധനം ഫേസ്ബുക്കിലൂടെ രസകരമായി അവതരിപ്പിച്ചിരിക്കുന്നതാണിപ്പോള്‍ വൈറലായിരിക്കുന്നത്. ഇങ്ങനെയുള്ളവരൊക്കെ ഉള്ളതുകൊണ്ടാണ് നമ്മുടെ നാട് വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ നിലനിന്ന് പോവുന്നതെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘ചുവന്ന അക്കങ്ങളില്ലാത്ത കലണ്ടര്‍..”

ഒരു ശനിയാഴ്ച്ച രാത്രി വീട്ടിലെത്തിയപ്പോള്‍ മകള്‍..

അച്ഛാ.. നാളെ അച്ഛന് ലീവല്ലേ..??

അല്ല മോളൂ.. രാവിലെ പോണം..

അച്ഛന്‍ കള്ളം പറയുന്നതല്ലേ..

നാളെ കലണ്ടറില്‍ ചുവപ്പാണല്ലോ..

നമുക്ക് നാളെ ബീച്ചിലും പാര്‍ക്കിലും പോകാ അച്ഛാ..

ശരി.. നാളെയല്ലേ.. രാവിലെ ആകട്ടെ.. നോക്കാം..

മോള് കിടന്നുറങ്ങിക്കോ..

അഞ്ചുവയസ്സുകാരിയെ പറഞ്ഞു പറ്റിക്കാന്‍ വലിയ ബുദ്ധിമുട്ട് വന്നില്ല..

ഉറങ്ങാന്‍ കിടന്നപ്പോള്‍ കലണ്ടറിനെക്കുറിച്ചും കലണ്ടറിലെ ചുവപ്പിനെക്കുറിച്ചും ചിന്തിച്ചു..

വര്‍ഷങ്ങളായി കലണ്ടറിലെ ചുവപ്പ് മാഞ്ഞുപോയിട്ട്..

കലണ്ടറിലെ ചുവപ്പ് കാക്കിയിലെ പടരുന്ന ചുവപ്പുകളായി കണ്ടുതുടങ്ങി..

ഹര്‍ത്താലോ.. മാര്‍ച്ചോ.. സമരങ്ങളോ വന്നാല്‍

കലണ്ടറിലെ ചുവപ്പിനേക്കാള്‍ ചുവപ്പ് കാക്കിയില്‍ കാണാം….

എന്തൊക്കെയോ ആലോചിച്ച് രാവിലത്തേക്ക് അലാറം സെറ്റ് ചെയ്ത് ഉറങ്ങി..

മോളുണരും മുന്‍പ് ഉണര്‍ന്ന്

റെഡിയായി ജോലി സ്ഥലത്തേക്ക്…

ടൂവീലറില്‍ പോകുന്നതിനിടയില്‍ ചിന്തിച്ചു…..

ഒരു കലണ്ടര്‍ പ്രിന്റ് ചെയ്ത് വാങ്ങിയാലോ…

അഞ്ചുവയസ്സുകാരിക്ക് അവധി കണ്ടെത്താന്‍ പറ്റാത്ത ഒരു കലണ്ടര്‍…

”ചുവന്ന അക്കങ്ങളില്ലാത്ത കലണ്ടര്‍”

Related posts