ന്യൂഡൽഹി: ഈ മാർച്ചിൽ അവസാനിക്കുന്ന സാന്പത്തികവർഷം ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ച 7.2 ശതമാനമായിരിക്കുമെന്നു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ). 2017-18 ൽ 6.7 ശതമാനമായിരുന്നു വളർച്ച.
ഗവൺമെന്റ് നേരത്തേ പ്രതീക്ഷിച്ചിരുന്നത് 7.5 ശതമാനമാണ്. റിസർവ് ബാങ്ക് കഴിഞ്ഞമാസം 7.4 ശതമാനം എന്ന പ്രതീക്ഷ നിലനിർത്തി. വിദേശ റേറ്റിംഗ് ഏജൻസികൾ വളർച്ചപ്രതീക്ഷ 7.1-7.3 ശതമാനം നിരക്കിലേക്ക് താഴ്ത്തിയിരുന്നു.
ഈ സാന്പത്തികവർഷം ആദ്യ ത്രൈമാസത്തിൽ 8.2 ശതമാനവും രണ്ടാം ത്രൈമാസത്തിൽ 7.1 ശതമാനവുമായിരുന്നു വളർച്ച. അതായത് ഏപ്രിൽ മുതൽ സെപ്റ്റംബർ 30 വരെ 7.7 ശതമാനം വളർന്നു. വാർഷിക വളർച്ച 7.2 ശതമാനമായാൽ രണ്ടാം പകുതിയിലെ വളർച്ച ഏഴു ശതമാനത്തിനു താഴെയാകുക എന്നാണർഥം. ഒക്ടോബർ-ഡിസംബർ ത്രൈമാസ വളർച്ചയുടെ കണക്ക് ഫെബ്രുവരി 28-നേ പുറത്തുവരൂ. വാർഷിക കണക്ക് മേയ് 31നും.
സിഎസ്ഒയുടെ ഇന്നലത്തെ പ്രഖ്യാപനം ഇന്ത്യൻ വളർച്ച പിന്നോട്ടടിക്കുന്നു എന്ന നിഗമനത്തെ ശരിവയ്ക്കുന്നതാണ്. വാർഷിക ജിഡിപി 2011-12 വിലനിലവാരത്തിൽ 139.52 ലക്ഷം കോടി രൂപയായിരിക്കും എന്നു കണക്കാക്കുന്നു. കാർഷികമേഖല (വനവും മത്സ്യബന്ധനവും ഉൾപ്പെടെ) 3.8 ശതമാനം വളരും എന്നാണ് പ്രതീക്ഷ.