വൈക്കം: തെരുവ് നായ്ക്കൾ കടിച്ചുകിറിയ പഴ്സിൽ അരലക്ഷം രൂപ. നായ്ക്കളെ ഓടിച്ച ശേഷം പഴ്സ് ഉടമസ്ഥനു കൈമാറിയ സിവിൽ പോലീസ് ഓഫീസർക്കും ഹോം ഗാർഡിനും അഭിനന്ദന പ്രവാഹം. വൈക്കം പോലീസ് സ്റ്റേഷനിലെ സിവിൽപോലീസ് ഓഫീസർ വിജീഷിനും ഹോം ഗാർഡ് സാബുവിനുമാണ് നാട്ടുകാരും പോലീസുകാരും അഭിനന്ദനം കൊണ്ടു പോതിയുന്നത്.
ഹർത്താലുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലായിരുന്നു ഇരുവരും. വൈക്കം ബോട്ടുജെട്ടിക്കു സമീപത്തു കൂടി കടന്നു പോകുന്പോഴാണ് തെരുനായ്ക്കൾ എന്തോ കടിച്ചുകീറുന്നതു കണ്ടത്. ശ്രദ്ധിച്ചപ്പോഴാണ് അതൊരു പഴ്സ് ആണെന്നു മനസിലായത്. വിജീഷും സാബുവും നായ്ക്കളെ ഓടിച്ചു മാറ്റി പഴ്സ് പരിശോധിച്ചപ്പോഴാണ് പണവും രേഖകളും കണ്ടെത്തിയത്. ഉടനെ സ്റ്റേഷനിൽ എത്തിച്ചു.
പഴ്സിൽ നിന്നുള്ള ഫോണ് നന്പർ വച്ച് വിളിച്ചപ്പോഴാണ് തലയാഴം ഉല്ലല സ്വദേശിയായ ജോർജ് ജോസഫ് എന്നയാളുടേതാണന്ന് വ്യക്തമായത്. ഉടനെ അയാൾ സ്റ്റേഷനിലെത്തി തെളിവ് ഹാജരാക്കി അഡീഷണൽ എസ് ഐ ജോസ് ജോസപ് തോട്ടപ്പള്ളിയിൽ നിന്നു പഴ്സ് ഏറ്റുവാങ്ങി.