തളിപ്പറമ്പ്: തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട. 15 കിലോഗ്രാം കഞ്ചാവുമായി ഇന്ന് രാവിലെ ഒൻപതരക്കാണ് രണ്ട് യുവാക്കളെ ധർമ്മശാലയിൽ വെച്ച് പിടികൂടിയത്. ചപ്പാരപ്പടവ് സ്വദേശി അലി അക്ബർ (25), കുറുമാത്തൂരിലെ ജാഫർ (28) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രിയാണ് ഡിവൈഎസ്പിക്ക് ഇത് സംബന്ധിച്ച് രഹസ്യ സന്ദേശം ലഭിച്ചത്. സൈബർ സെല്ലിൽപെട്ട സുഭാഷിന്റെ നേതൃത്വത്തിൽ ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് ധർമ്മശാലയിൽ വെച്ച് പ്രതികളെ പിടികൂടിയത്. മാസങ്ങളായി ഇരുവരും ക്വിന്റൽ കണക്കിന് കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ജില്ലയുടെ പല ഭാഗത്തും കഞ്ചാവ് എത്തിക്കുന്നത് ഇവരാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്.ഡി വൈ എസ് പിയുടെ സ്ക്വാഡ് മാസങ്ങളായി ഇവരെ വലയിലാക്കാൻ ശ്രമിച്ചവരികയായിരുന്നു. ഒരു തവണ കൊണ്ടുവന്ന വഴിയെ വീണ്ടും കഞ്ചാവ് കൊണ്ടുവരാതിരുന്നതാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമായത്. ഇവരെ ഇന്ന് വടകര നർക്കോട്ടിക് കോടതിയിൽ ഹാജരാക്കും.