റാന്നി: ഹൈക്കോടതിയുടെയും സർക്കാരിന്റെയും ഉത്തരവുകൾ ലംഘിച്ച് പെരുമ്പുഴ ബസ് സ്റ്റാൻഡിൽ എത്താത്ത ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ ആർടിഒയോടു ശിപാർശ ചെയ്യാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു.
റാന്നി വഴി സർവീസ് നടത്തുന്നതും ഇവിടെ നിന്ന് പുറപ്പെടുന്നതുമായ എല്ലാ ബസുകളും പോകുമ്പോഴും വരുമ്പോഴും പെരുമ്പുഴ ബസ് സ്റ്റാൻഡിൽ എത്തണമെന്നാണ് കോടതി ഉത്തരവ്.
ചെറുകോൽപ്പുഴ, തിരുവല്ല, എരുമേലി, കോട്ടയം, എന്നിവിടങ്ങളിൽ നിന്നെത്തുന്ന മിക്ക ബസുകളും പെരുമ്പുഴയിൽ എത്താതെ ഇട്ടിയപ്പാറ സ്റ്റാൻഡിലേക്ക് പോകുകയാണ്. താലൂക്ക് വികസന സമിതി പലതവണ വിഷയം ചർച്ച ചെയ്തിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കാൻ ശിപാർശ ചെയ്യണമെന്നും അംഗങ്ങൾ നിർദേശിച്ചു.