തിരുവനന്തപുരം: മുന്നോക്ക സമുദായങ്ങളിലെ പിന്നോക്ക വിഭാഗക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ എതിർത്ത് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. ഇത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണെന്നും ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ തിരിച്ചറിയണമെന്നും വി.എസ് ആവശ്യപ്പെട്ടു.
വാജ്പേയ് സർക്കാരിന്റെ കാലത്ത് സിപിഎം സാമ്പത്തിക സംവരണ നീക്കത്തെ എതിർത്തിരുന്നുവെന്നും വി.എസ് ഓർമിപ്പിച്ചു. സാമ്പത്തിക സംവരണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എതിർപ്പറിയിച്ച് വി.എസ് രംഗത്തെത്തിയിരിക്കുന്നത്.