എനിക്കറിയാവുന്നതില്‍ വെച്ച് ഏറ്റവും കരുത്തനായ വ്യക്തി; അച്ഛന് ക്യാന്‍സര്‍ ആണെന്ന് അറിയിച്ച് ഹൃതിക് റോഷന്‍

നടന്‍ ഹൃതിക് റോഷന്റെ പിതാവും ബോളിവുഡ് സംവിധായകനും നിര്‍മാതാവും നടനുമായ രാകേഷ് റോഷന് ക്യാന്‍സര്‍ സ്ഥിരീകരിച്ചു. ഹൃതിക് തന്നെയാണ് അച്ഛന് തൊണ്ടയില്‍ ക്യാന്‍സര്‍ കണ്ടെത്തിയെന്നും പ്രാരംഭഘട്ടത്തില്‍ ആണെന്നുമുള്ള വാര്‍ത്ത ആരാധകരെ അറിയിച്ചത്. അച്ചനൊപ്പമുള്ള ഒരു ചിത്രത്തിനൊപ്പം വികാരനിര്‍ഭരമായ ഒരു കുറിപ്പും ഹൃതിക്ക് പങ്കുവച്ചിട്ടുണ്ട്.

‘ എന്റെ അച്ഛനോട് ഞാന്‍ ഇന്ന് രാവിലെ ഒരുമിച്ചൊരു ചിത്രം ചോദിച്ചു. ശസ്ത്രക്രിയ ദിവസവും അദ്ദേഹം തന്റെ ജിം മുടക്കില്ല എന്നെനിക്ക് അറിയാമായിരുന്നു. എനിക്കറിയാവുന്നതില്‍ വച്ചേറ്റവും കരുത്തനായ വ്യക്തിയാണ് അദ്ദേഹം. കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പാണ് അച്ഛന് തൊണ്ടയില്‍ ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തിയത്. പ്രാരംഭഘട്ടത്തിലാണ്.

പക്ഷെ ഇന്ന് അദ്ദേഹം വലിയ ഉന്മേഷത്തിലാണ്, ക്യാന്‍സറിനെതിരെ പോരാടാനുള്ള ഉറച്ച തീരുമാനത്തിലാണ്. ഒരു കുടുംബമെന്ന നിലയ്ക്ക് അദ്ദേഹത്തെ പോലൊരാള്‍ ഞങ്ങളെ നയിക്കാന്‍ മുന്നിലുള്ളതില്‍ ഞങ്ങള്‍ ഭാഗ്യം ചെയ്തവരും അനുഗ്രഹീതരുമാണ്. ഹൃതിക് തന്റെ കുറിപ്പില്‍ പറയുന്നു.

1970 ലാണ് രാകേഷ് തന്റെ അഭിനയ ജീവിതം തുടങ്ങിയത്‌. 70-ഓളം ചിത്രങ്ങളില്‍ വേഷമിടുകയും നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.

Related posts