കുട്ടനെല്ലൂർ: മൃതദേഹം കൊണ്ടുപോകാൻ എത്തിയ ആംബുലൻസ് ഡ്രൈവർക്ക് മർദ്ദനമേറ്റു. അഞ്ചേരി കുണ്ടായ് മാധവന്റെ മകൻ സുബീഷിനെ(37)യാണ് മർദ്ദിച്ചത്. കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ആംബുലൻ സിന്റെ ഡ്രൈവറാണ് സുബീഷ്. എരവിമംഗലം പടിഞ്ഞാട്ടുമുറി ഒട്ടപ്പത്ത് ബാലന്റെ ഭാര്യ അമ്മിണിയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസുമായി എത്തിയപ്പോഴാണ് സുബീഷിന് മർദ്ദനമേറ്റത്.
ഇടവഴിയിൽ ആംബുലൻസ് പാർക്കു ചെയ്തത് മാറ്റാൻ ഒരു സംഘം ആളുകൾ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് സുബീഷിനെ മർദ്ദിച്ചത്. തടയാൻ ചെന്ന നാട്ടുകാരേയും ഭീഷണിപ്പെടുത്തി. ജില്ല ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം സുബീഷ് ഒല്ലൂർ പോലീസിൽ പരാതി നൽകി.