കൊല്ലം : പുനലൂർ-ചെങ്കോട്ട റെയിൽവേ പാതയിലൂടെ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. ചട്ടം 377 പ്രകാരമാണ് വിഷയം ലോക്സഭയിൽ അവതരിപ്പിച്ചത്.
കേരളത്തെയും തമിഴ്നാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും ദൈർഘ്യം കുറഞ്ഞതും വളരെയേറെ പ്രാധാന്യമുള്ളതുമായ റയിൽവേപാത പൂർണ്ണമായും പ്രയോജനപ്പെടുത്താത്തത് കനത്ത നഷ്ടമുണ്ടാക്കുന്നതാണ്. ഗേജ്മാറ്റ പ്രവൃത്തികൾ പൂർത്തീകരിച്ച് ലൈൻ കമ്മീഷൻ ചെയ്ത് കഴിഞ്ഞിട്ടും ഗേജ്മാറ്റ പ്രവൃത്തികൾ ആരംഭിക്കുന്നതിന് മുന്‍പുണ്ടായിരുന്ന ട്രെയിൻ സർവീസുകൾ പൂർണ്ണമായി പുനഃസ്ഥാപിക്കുന്നതിന് കഴിഞ്ഞിട്ടില്ല.
പുതുതായി കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ സാധ്യതയുള്ള റെയിൽവേപാതയുടെ പ്രയോജനം ജനങ്ങളിലെത്തിക്കുവാൻ കഴിയുന്നില്ല. വേളാങ്കണ്ണിയിലേക്കും രാമേശ്വരത്തേക്കും പുതിയ ട്രെയിൻ സർവ്വീസുകൾ ആരംഭിക്കാനും താംബരം എക്സ്പ്രസ് പ്രതിദിന റെഗുലർ ട്രെയിനായി മാറ്റുവാനും മുന്‍പുണ്ടായിരുന്ന ട്രെയിൻ സർവീസുകൾ പൂർണ്ണമായി പുനഃസ്ഥാപിക്കാനും പുതിയ ട്രെയിനുകൾ ആരംഭിക്കാനും സത്വരനടപടി സ്വീകരിക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.