കോഴിക്കോട്: മൂന്നു മാസത്തെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ ലോണ്‍ എടുത്ത് വാങ്ങിയ സൂപ്പര്‍ സീരിയസില്‍പ്പെട്ട ബൈക്ക് സ്വകാര്യബാങ്ക് അധികൃതര്‍ പിടിച്ചെടുത്തതായി പരാതി. കല്ലായ് സ്വദേശി ഫസിന് മുഹമ്മദാണ് പ്രമുഖ ബാങ്കിന്റെ നടക്കാവ് ബ്രാഞ്ചിനെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. 14 ലക്ഷം രൂപയുടെ ബൈക്കിനായി ബാങ്കില്‍ നിന്നും 11 ലക്ഷം രൂപയാണ് ലോണെടുത്തത്. മാസത്തില്‍ 25000 രൂപയാണ് തിരിച്ചടവായി നല്‍കിയിരുന്നത്.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ മൂന്നുമാസത്തെ അടവ് തെറ്റുകയായിരുന്നു. ഇതിനിടെ ബാങ്കിന്റെ ആളുകള്‍ വീട്ടിലെത്തി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയതായും ഫസിന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തുടര്‍ന്ന് അടവു തെറ്റിയ തുക തിരിച്ചടക്കാന്‍ ബാങ്കില്‍ എത്തിയപ്പോള്‍ ഭീഷണിപ്പെടുത്തി വാഹനവും രേഖകളും പിടിച്ചെടുക്കുകയുമായിരുന്നു.
വീഴ്ച വന്ന തുക തിരിച്ചടയ്ക്കാമെന്ന് രേഖ മൂലം അധികൃതരെ അറിയിച്ചുരുന്നുവെങ്കിലും ബൈക്ക് ലേലത്തില്‍ വില്‍ക്കുമെന്ന അറിയിപ്പാണ് തിരികെ ലഭിച്ചത്. തുടര്‍ന്ന് കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ച് വില്‍പ്പനയ്ക്ക് സ്റ്റേ വാങ്ങി. വാഹനം പിടിച്ചെടുത്തതിനു ശേഷവും തന്റെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുകയാണ്.
ബാങ്കിന്റെ ഇത്തരം നടപടിക്കെതിരെ നടക്കാവ് പോലീസില്‍ പരാതി നല്കിയപ്പോള് നടപടി സ്വീകരിച്ചില്ലെന്നും ഫസിന് മുഹമ്മദ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഡിസംബര്‍ 20ന് ഹിയറിംഗ് വെച്ചങ്കിലും ബാങ്ക് അധികൃതര്‍ ഹാജരാകാതെ ഒഴിഞ്ഞു മാറുകയാണന്നും മുഴുവന്‍ തുകയും തിരിച്ചു നല്‍കിയാലേ ബൈക്ക് തിരിച്ചു നല്‍കുവെന്ന നിലപാടാണ് ബാങ്കിന്റെ ഭാഗത്തു നിന്നുള്ളതെന്നും ഫസിന് ആരോപിച്ചു.