കൽപ്പറ്റ: കർണാടകയിലെ ശിവമൊഗെ ജില്ലയിൽ കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലും പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. നിലവിൽ ജില്ലയിൽ രോഗബാധ റിപ്പോർട്ട്് ചെയ്തിട്ടില്ല. രോഗം പടരാൻ ഇടയുള്ള മേഖലകളിൽ വനത്തിൽ ജോലിക്ക് പോകുന്ന ഉദ്യോഗസ്ഥർക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകും.
വിറയലോട് കൂടിയ പനി, തലവേദന, വയറിളക്കം, ഛർദ്ദി, കഴുത്ത് വേദന, കണ്ണിന് ചുവപ്പ് നിറം, മൂക്കിൽ നിന്ന് രക്തസ്രാവം എന്നിവയാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഉള്ള എല്ലാവർക്കും കുരങ്ങുപനി ഉണ്ടാവണമെന്നില്ല. രോഗലക്ഷണങ്ങളുള്ളവർ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്നു ഡിഎംഒ അറിയിച്ചു. വനത്തിൽ മേയാൻ വിടുന്നു കന്നുകാലികളിൽ പുരട്ടാനുള്ള പ്രതിരോധ ലേപനങ്ങൾ മൃഗസംരക്ഷണ വകുപ്പ് വിതരണം ചെയ്യും.
സ്വീകരിക്കേണ്ട മുൻകരുതലുകൾ:
വനത്തിൽ പോകുന്പോൾ കട്ടിയും ഇളം നിറവും ദേഹം മുഴുവൻ മുടുന്നതുമാ വസ്ത്രവും കാലുകളിലൂടെ ചെളള് കയറാത്ത വിധത്തിൽ ഗണ്ബൂട്ടും ധരിക്കണം. ചെളളിനെ അകറ്റുന്നു ഒഡോമസ് പോലുളള ലേപനങ്ങൾ ശരീരത്തിൽ പുരട്ടുന്നത് നല്ലതാണ്.കാട്ടിൽനിന്നു പുറത്തുവന്നയുടൻ വസ്ത്രങ്ങളും ശരീരവും പരിശോധിച്ച് ചെളളില്ലെന്ന് ഉറപ്പ് വരുത്തണം.ചൂടുവെള്ളത്തിൽ കുളിക്കുകയും വസ്ത്രങ്ങൾ കഴുകുകയും ചെയ്യണം.
ശരീരത്തിൽ ചെളള് പിടിച്ചത് ശ്രദ്ധയിൽപെട്ടാൽ അമർത്തിക്കൊല്ലാതെ ശ്രദ്ധയോടെ നീക്കം ചെയ്യണം. ചെളളിനെ നീക്കംചെയ്ത ശേഷം കടിയേറ്റ ഭാഗവും കൈകളും സോപ്പുപയോഗിച്ച് നന്നായി കഴുകണം.കുരങ്ങുകൾ ചത്തത് ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടണം. ധാരാളം വെള്ളം കുടിക്കുന്നതും പൂർണവിശ്രമവും രോഗം എളുപ്പം ഭേദമാകാൻ സഹായിക്കും. സ്വയം ചികിത്സ നടത്തരുത്.