മങ്കൊന്പ്: ഭർത്താവിനൊപ്പം കിടന്നുറങ്ങിയ യുവതിയെ വീടിനു പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വെളിയനാട് ഗ്രാമപഞ്ചായത്ത് കുന്നങ്കരി പുലിമുഖത്ത് അന്പലംകുന്നു വീട്ടിൽ ലാൽജിയുടെ ഭാര്യ ജ്യോതി(26)യാണ് മരിച്ചത്.
ഇന്നലെ പുലർച്ചെ അഞ്ചോടെ ഭർതൃമാതാവ് ലില്ലിക്കുട്ടിയാണു യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയതെന്നു പോലീസ് പറയുന്നു. തലേന്നുരാത്രി 10.30ഓടെ ഭർത്താവുമൊന്നിച്ചു വീടിനുള്ളിൽ കിടന്നുറങ്ങിയതാണ് യുവതി.
പിന്നീടു പുലർച്ചെ ഭർതൃമാതാവ് ലില്ലിക്കുട്ടി വീടിനു പുറത്തിറങ്ങിയപ്പോൾ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കാണുകയായിരുന്നത്രേ. തുടർന്ന് ബന്ധുക്കളും നാട്ടുകാരും വിവരമറിയിച്ചതനുസരിച്ചു രാമങ്കരി പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
യുവതിയുടെ ബന്ധുക്കൾ സംഭവത്തിൽ ദുരൂഹത ആരോപിച്ചതിനാലും ജോഫിയുടെ വിവാഹം കഴിഞ്ഞിട്ട് ഏഴു വർഷം പൂർത്തിയാകാത്തതിനാലും കുട്ടനാട് തഹസീൽദാർ ആന്റണി സ്കറിയയുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. യുവതിയുടെ ശരീരത്തിൽ പെട്രോളിന്റെ അംശമുണ്ടെന്നും മൃതദേഹത്തിനു സമീപം കന്നാസിന്റെ അടപ്പും ലൈറ്ററും ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.
തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു ചേന്നങ്കരി കൂലിപ്പുരയ്ക്കൽ ലൂർദ് മാതാ പള്ളിയിൽ. ചേന്നങ്കരി വേണാട്ടുകാട് പാലയ്ക്കൽചിറ കുഞ്ഞുമോൻ-തങ്കമ്മ ദന്പതികളുടെ മകളാണ് മരിച്ച ജ്യോതി. മൂന്നു വയസുള്ള ലയ ഏക മകളാണ്.