പ്രതിപക്ഷത്തെ ഞെട്ടിച്ച മോദി അറ്റാക്ക് അറിഞ്ഞത് വിശ്വസ്തര്‍ മാത്രം, കുറിപ്പ് തയാറാക്കിയത് മൂന്നുദിവസം മുമ്പ്, കോണ്‍ഗ്രസിനെ വെട്ടിലാക്കിയ മോദിയുടെ തന്ത്രം പിറന്നതിങ്ങനെ

ജോര്‍ജ് കള്ളിവയലില്‍

പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള സുപ്രധാന ഭരണഘടനാ ഭേദഗതിക്കായി കേന്ദ്രമന്ത്രിസഭ അംഗീകരിക്കേണ്ട കുറിപ്പ് (കാബിനറ്റ് നോട്ട്) തയാറാക്കിയത് വെറും മൂന്നു ദിവസം മുമ്പ്. മന്ത്രിമാരെയും ബിജെപിയിലെ നേതാക്കളെയും പോലും മുന്‍കൂട്ടി അറിയിക്കാതെയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ രഹസ്യമായി തീരുമാനം നടപ്പാക്കിയത്.

സാമ്പത്തിക സംവരണം മുമ്പു പ്രഖ്യാപിച്ചിരുന്ന കോണ്‍ഗ്രസിനു ബില്ലിനെ എതിര്‍ക്കാനാകില്ലെന്നതു സര്‍ക്കാരിന്റെ നീക്കത്തിനു സഹായകമായി. സിപിഎം അടക്കമുള്ള മറ്റു പാര്‍ട്ടികളും സാമ്പത്തിക സംവരണം വേണമെന്ന ആവശ്യം നേരത്തേ ഉന്നയിച്ചിരുന്നു.പ്രധാനമന്ത്രിയുടെ വസതിയില്‍ വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതതല രഹസ്യ യോഗത്തിലാണ് സാന്പത്തിക സംവരണ ബില്ലിന്റെ മന്ത്രിസഭാ കുറിപ്പിന് അന്തിമരൂപം നല്‍കിയത്.

ബില്ലിനെ അനുകൂലിച്ചെങ്കിലും ബില്‍ വിശദമായി പഠിക്കാതെയും എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യാതെയും തിടുക്കത്തില്‍ പാസാക്കുന്നതിലെ രാഷ്ട്രീയ ലക്ഷ്യത്തെ ഇന്നലെ ലോക്‌സഭയിലെ ചര്‍ച്ചയില്‍ മിക്ക ബിജെപി ഇതര എംപിമാരും വിമര്‍ശിച്ചു.

പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്കു വിട്ട് ബില്ലിന്റെ ഗുണദോഷങ്ങള്‍ വിശകലനം ചെയ്തു ബില്‍ പാസാക്കണം എന്ന വാദത്തില്‍ കഴമ്പുണ്ടെന്നു സര്‍ക്കാരിനും ബോധ്യമുണ്ട്. പക്ഷേ ആ നിര്‍ദേശം സ്വീകരിക്കില്ല. സാമ്പത്തിക സംവരണത്തെക്കുറിച്ചു പഠിക്കാന്‍ 2006ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ ആണ് എസ്.ആര്‍. സിന്‍ഹു കമ്മിറ്റിയെ നിയോഗിച്ചത്.

ഈ സമിതി 2010ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ളതു പോലെയുള്ള സംവരണ ആനുകൂല്യം മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്കു കൂടി ലഭ്യമാക്കാന്‍ ശിപാര്‍ശ ചെയ്തു. ഈ ശിപാര്‍ശയുമായി മുന്നോട്ടു പോകാന്‍ 2013ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, പരമാവധി സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന സുപ്രീംകോടതിയുടെ വിധിയുള്ളതിനാല്‍ ഭരണഘടനാ ഭേദഗതി അനിവാര്യമാണെന്നു നിയമവിദഗ്ധര്‍ മന്‍മോഹന്‍ സിംഗിനോട് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി അത്തരമൊരു ഭരണഘടനാ ഭേദഗതി പ്രായോഗികമായേക്കില്ലെന്നതിനാലാണ് 2013ല്‍ നീക്കം പാതിവഴിയില്‍ തടസപ്പെട്ടത്. പിന്നീടുവന്ന മോദി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും നിയമനിര്‍മാണത്തിന് അന്നു മുതിര്‍ന്നില്ല.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥിരം വോട്ടുബാങ്കായിരുന്ന ബ്രാഹ്മണര്‍ അടക്കമുള്ള മുന്നോക്കക്കാരുടെ വോട്ടുകള്‍ നഷ്ടമായെന്ന വിലയിരുത്തലാണ് പെട്ടെന്ന് വീണ്ടുവിചാരത്തിന് ബിജെപിയെ പ്രേരിപ്പിച്ചത്.

Related posts