കൊച്ചി: തിരുവനന്തപുരം വട്ടപ്പാറ സ്വദേശിനിയായ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി തിരുവനന്തപുരം വീരണകാവ് ചന്ദ്രാമൂഴി ക്രൈസ്റ്റ് ഭവനിൽ രാജേഷ് കുമാറിനു വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി ഇളവു ചെയ്തു. 25 വർഷത്തേക്കു പ്രതിക്ക് ഒരു ശിക്ഷായിളവും നൽകരുതെന്നും വിധിയിൽ നിർദേശിച്ചിട്ടുണ്ട്.
2011 മാർച്ച് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. ഓട്ടോ ഡ്രൈവറായ പ്രതി മോഷണത്തിനാണു പെണ്‍കുട്ടിയുടെ വീട്ടിൽ കയറിയത്. പെണ്‍കുട്ടി ഇവിടെ ഒറ്റയ്ക്കാണെന്നു കണ്ട പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമെന്നു വിലയിരുത്തി 2013 ജനുവരിയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണു രാജേഷിനു വധശിക്ഷ വിധിച്ചത്.
ഇതിനെതിരേ നൽകിയ അപ്പീലിൽ കരുതിക്കൂട്ടിയുള്ള കുറ്റകൃത്യമല്ല ഇതെന്നു ഡിവിഷൻ ബെഞ്ച് വിലയിരുത്തി. നീതി നടപ്പാക്കാൻ പ്രതിക്കു കർശന വ്യവസ്ഥയോടെയുള്ള ജീവപര്യന്തം തടവു പര്യാപ്തമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടർന്നാണു വധശിക്ഷ ഇളവു ചെയ്തത്.