കൊച്ചി: സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലും സീറ്റുകൾ സംബന്ധിച്ച് എൻഡിഎയിൽ ധാരണയായെന്നു സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ഘടകക്ഷികളുമായി ഇന്നലെ കൊച്ചിയിൽ നടന്ന യോഗത്തിനുശേഷമാണ് ഇക്കാര്യം അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചത്. ധാരണയായ സീറ്റുകളുടെ പട്ടിക കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തിനായി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎയ്ക്കു പാകമായ അന്തരീക്ഷമാണു കേരളത്തിൽ. ശക്തമായ മുന്നേറ്റം നടത്താൻ സാധിക്കും. കേരളത്തിലെ ഭരണപരാജയം കൈമുതലാക്കി എൻഡിഎ മുന്നേറും. സുവർണാവസരം എന്നു പറഞ്ഞാലും തെറ്റില്ലെന്നു പഴയ പ്രസംഗവിവാദം ഓർമിച്ചു ശ്രീധരൻപിള്ള പറഞ്ഞു.
ഫെബ്രുവരി 20നകം ലോക്സഭാ കണ്‍വൻഷനുകൾ പൂർത്തിയാക്കും. ജനാധിപത്യവിരുദ്ധമായ പോലീസ് വേട്ടയാടലിനെതിരേ 16നു 11 ജില്ലകളിൽ ഉപവാസം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുന്ന തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളെയാണ് ഉപവാസസമരത്തിൽനിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.