ആലപ്പാട് എന്ന തീരദേശ പഞ്ചായത്തില്‍ അരങ്ങേറുന്ന കരിമണല്‍ ഖനനത്തിനെതിരെയാണ് ഇപ്പോള്‍ കേരളം മുഴുവന്‍ എന്നിച്ചിരിക്കുന്നതും മുറവിളി കൂട്ടുന്നതും. എന്നാല്‍ ഇന്ന്, ഇക്കാര്യം ചര്‍ച്ചയാവുന്നതിന് നാളുകള്‍ക്ക് മുമ്പ് ഇതേ വിഷയം അതിന്റെ എല്ലാ ഗൗരവത്തോടും കൂടെത്തന്നെ സംവിധായകന് രഞ്ജിത്ത് ശങ്കര്‍, പാസഞ്ചര്‍ എന്ന തന്റെ ചിത്രത്തിലൂടെ അവതരിപ്പിച്ചിരുന്നു.
ദിലീപിനെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മാറങ്കര എന്ന നാടിനെക്കുറിച്ചും അവരുടെ പ്രശ്നങ്ങളെക്കുറിച്ചും ദിലീപിന്റെ വക്കീല്‍ കഥാപാത്രം കോടതിയില്‍ വിവരിക്കുന്ന രംഗം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗവുമാണ്. സിനിമ ഇറങ്ങിയ സമയത്ത് അധികം ആരും ശ്രദ്ധിക്കാതെ പോയ വിഷയമായിരുന്നു അത്.
സിനിമയിലെ ദിലീപിന്റെ ഡയലോഗ് ഇങ്ങനെയായിരുന്നു… ‘ മാറങ്കരയിലെ മണലില്‍ അടങ്ങിയിരിക്കുന്ന മിനറല്സിന് ആഗോള മാര്‍ക്കറ്റില്‍ കോടിക്കണക്കിനു രൂപയുടെ വിലയുണ്ട്. ഇവിടെയുള്ള രാഷ്ട്രീയക്കാരും സാമുദായിക നേതാക്കന്മാരും വന്‍വ്യവസായികളും ആരും ഈ പാവങ്ങളുടെ കൂടെയില്ല.
മാറങ്കരയ്ക്ക് പുറത്തുള്ള സാധാരണക്കാര്‍ക്ക് ഇത് അവരെ നേരിട്ടു ബാധിക്കാത്ത വിഷയമായതുകൊണ്ട് താല്പര്യവുമില്ല. അതുകൊണ്ടാണ് ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ മാറങ്കരയിലെ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങിയത്. ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശം ഈ നാട്ടിലെ ഓരോ പൗരനുമുണ്ട്.’
സേവ് ആലപ്പാട്, സ്റ്റോപ് മൈനിങ് എന്നീ ഹാഷ്ടാഗുകളോടെയാണ് പാസഞ്ചറിലെ രംഗം ഷെയര്‍ ചെയ്യപ്പെടുന്നത്. ദിലീപിന്റെ വക്കീല്‍ കഥാപാത്രം പറയുന്ന ഡയലോഗ് ഇന്ന് ആലപ്പാടിനു വേണ്ടി സമൂഹമാധ്യമങ്ങളിലെ സുഹൃത്തുക്കള്‍ ആവര്‍ത്തിക്കുന്നു.
വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും, ആ വിഷയത്തിന് പരിഹാരമായില്ല എന്നത് വേദനിപ്പിക്കുന്ന കാര്യമാണെന്നാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ സംവിധായകന് രഞ്ജിത്ത് ശങ്കര്‍ പറയുന്നത്. സിനിമയിലൂടെ അതിനൊരു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ലല്ലോ എന്നത് ദുഃഖിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. വിഷയം ശ്രദ്ധിക്കേണ്ടവര്‍ അന്നും ശ്രദ്ധിച്ചിരുന്നെന്നും സി.ആര്. നീലകണ്ഠനെപ്പോലെയുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ സിനിമ കണ്ടതിനു ശേഷം തന്നെ നേരില്‍ കണ്ടു സംസാരിച്ചിരുന്നെന്നും രഞ്ജിത്ത് പറയുകയുണ്ടായി.