സ്വന്തംലേഖകൻ
തൃശൂർ: കോർപറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയെ തീരുമാനിക്കാൻ സിപിഎമ്മിൽ അവസാന നിമിഷവും ആശയക്കുഴപ്പം. സ്വതന്ത്രനായി മത്സരിച്ച് കോണ്‍ഗ്രസിനൊപ്പം നിന്ന് ഇപ്പോൾ എൽഡിഎഫിലേക്ക് കാലുമാറിയ കുട്ടി റാഫിയെ നിർത്താനാണ് പാർട്ടിയിലെ ഏകദേശ ധാരണ. എന്നാൽ മേയർ സ്ഥാനം സിപിഐക്കായതിനാൽ ഭരണത്തിൽ പിടിമുറുക്കാൻ സിപിഎമ്മിന്റെ പ്രതിനിധി വേണമെന്ന ആവശ്യമുയർത്തി വർഗീസ് കണ്ടംകുളത്തിയും ശ്രമം നടത്തുന്നുണ്ട്.
പക്ഷേ മുൻ മേയർ സ്ഥാനം ഒഴിഞ്ഞപ്പോൾ എലി ശല്യമെന്നു പറഞ്ഞ് സിപിഐയിലെ ഡെപ്യൂട്ടി മേയറെ ഇരുത്താതിരിക്കാൻ മേയറുടെ ചേംബർ പൊളിച്ചിട്ട് ആറു ലക്ഷം രൂപ കളഞ്ഞതിനെ ചൊല്ലി വ്യാപകമായ പരാതി ഉയർന്നതോടെയാണ് വർഗീസ് കണ്ടംകുളത്തിയെ വീണ്ടും ഡെപ്യൂട്ടി മേയർ ആക്കുന്നതിനോട് സിപിഎം ജില്ലാ കമ്മിറ്റിക്കും എതിർപ്പുണ്ടായത്.
എന്നാൽ ഇത് മറികടക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും കുട്ടി റാഫിക്ക് ഡെപ്യൂട്ടി മേയർ സ്ഥാനം വാഗ്ദാനം ചെയ്ത് എൽഡിഎഫിലേക്ക് കൊണ്ടുവന്നതിനാൽ സ്ഥാനം കൊടുക്കണമെന്നു തന്നെയാണ് തീരുമാനം. ഇതിനിടെ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് യുവാക്കൾക്ക് അവസരം കൊടുക്കണമെന്ന ചർച്ച വന്നതോടെ അനൂപ് ഡേവിസ് കാടയുടെ പേരും പറഞ്ഞ് കേട്ടിരുന്നു.
എന്നാൽ കുട്ടി റാഫി വീണ്ടും കോണ്‍ഗ്രസ് നേതാക്കളുമായി ചർച്ച നടത്തുന്നതറിഞ്ഞാണ് ഡെപ്യൂട്ടി മേയർ സ്ഥാനം നൽകാൻ തീരുമാനമെന്നു പറയുന്നു. കൂടുതൽ ആരുമായും ചർച്ച ചെയ്യാതിരിക്കാൻ കുട്ടി റാഫിയെ അജ്ഞാത സ്ഥലത്തേക്ക മാറ്റിയിരിക്കയാണ്. ജില്ലയ്ക്ക് പുറത്തുള്ള സ്ഥലത്താണ് ഇപ്പോൾ കുട്ടി റാഫി. ആരുമായും ഫോണിൽ ബന്ധപ്പെടാതെയാണ് ഈ അജ്ഞാത വാസം.
നാളെ രാവിലെ കാര്യത്തിൽ തീരുമാനമായാൽ കോർപറേഷനിലെത്തും. അടുത്ത രണ്ടു വർഷമാണ് ഡെപ്യൂട്ടി മേയറുടെ കാലാവധി. എന്നാൽ കുട്ടിറാഫിക്ക് ഒരു വർഷത്തേക്ക് സ്ഥാനം നൽകി അവസാന വർഷം സിപിഎം ത്ന്നെ സ്ഥാനം ഏറ്റെടുക്കാനും ധാരണയുണ്ട്. ഇന്നു രാത്രിയോടെ സിപിഎമ്മിന്റെ തീരുമാനമുണ്ടാകും. നാളെ രാവിലെ 11നാണ് ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്. രാവിലെ ഒന്‍പതിന് എൽഡിഎഫ് കോർപറേഷൻ പാർലമെന്ററി പാർട്ടി യോഗത്തിൽ സ്ഥാനാർഥിയാരാണെന്ന് ഒൗദ്യോഗികമായി പ്രഖ്യാപിക്കും.
ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ഐ വിഭാഗത്തിലെ എ.പ്രസാദ് മത്സരിക്കാനാണ് ധാരണ. ഫ്രാൻസിസ് ചാലിശേരിക്ക് അവസരം നൽകണമെന്ന് ഐ ഗ്രൂപ്പിൽ തർക്കമുണ്ടായെങ്കിലും പ്രസാദിനെ മത്സരിപ്പിക്കാനാണ് തീരുമാനം. കുട്ടിറാഫിയടക്കം എൽഡിഎഫിന് 27ഉം കോണ്‍ഗ്രസിന് 22ഉം ബിജെപിക്ക് ആറും അംഗങ്ങളാണുള്ളത്. ബിജെപി വോട്ടെടുപ്പിൽ നിന്ന് മാറി നിൽക്കാനാണ് തീരുമാനം. മേയർ തെരഞ്ഞെടുപ്പിലും ബിജെപി വിട്ടു നിന്നിരുന്നു. ബിജെപി വോട്ടെടുപ്പിൽ പങ്കെടുത്താൽ എല്ലാ ധാരണകളും പൊളിയും.